വാഹനവിപണിയില്‍ കോംപാക്ട് കാറുകള്‍ക്ക് താല്‍പ്പര്യമേറുന്നു



കൊച്ചി > വാഹനവിപണിയില്‍ കാലങ്ങളായി നിലനിന്നിരുന്ന താല്‍പ്പര്യം മാറുന്നു. ചെറുവാഹനങ്ങളോടുണ്ടായിരുന്ന പ്രിയം യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് വഴിമാറുന്ന കാഴ്ച വിപണിയില്‍ ദൃശ്യമാകുന്നുവെന്നാണ് സൂചനകള്‍. മേയില്‍ രാജ്യത്തെ വാഹന വിപണിയില്‍ വില്‍പ്പനയുടെ ഗ്രാഫ് ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ ആഭ്യന്തരവില്‍പ്പന 16 ശതമാനം ഉയര്‍ന്ന് 1,17,045 യൂണിറ്റുകളായി. പുതുതായി വിപണിയില്‍ അവതരിപ്പിച്ച ബലേനോ ഉള്‍പ്പെടെയുള്ള കോംപാക്ട് മോഡലുകളുടെ സ്വീകാര്യതയാണ് വില്‍പ്പനയുടെ  ഗ്രാഫ് കൂടാന്‍ സഹായിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം മാരുതിയുടെ ചെറുകാര്‍ മോഡലുകളായ ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പ്പന മുന്‍വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് ഒമ്പതുശതമാനം ഇടിഞ്ഞിട്ടുണ്ട്. ബലേനോയുടെ വില്‍പ്പന എട്ടുശതമാനം ഉയര്‍ന്നുവെന്ന് മാരുതി പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് വാഹനപ്രേമികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന 2.5 ഇരട്ടിയാണ് ഒരുവര്‍ഷത്തിനുള്ളില്‍ ഉയര്‍ന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വാഹനവില്‍പ്പനയില്‍ മേയില്‍ 14 ശതമാനം വളര്‍ച്ച പ്രകടിപ്പിച്ചിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 34467 വാഹനം വിറ്റ സ്ഥാനത്ത് ഇപ്പോള്‍ 39357 വാഹനമാണ് മഹീന്ദ്ര വിറ്റത്. അതേസമയം മഹീന്ദ്രയുടെയും മാരുതിയുടെയും  കയറ്റുമതി കാര്യമായി ഇടിഞ്ഞിട്ടുണ്ട്. വാണിജ്യവാഹനവിപണിയില്‍ മേയില്‍ 14 ശതമാനം വളര്‍ച്ച ദൃശ്യമായി. Read on deshabhimani.com

Related News