ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എൻജിനില്‍ മഹീന്ദ്ര മരാസോ ബിഎസ്-6 വിപണിയിലേക്ക്



കൊച്ചി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ  ബിഎസ്-6 സാങ്കേതികവിദ്യയിലുള്ള എംപിവി  മരാസോ  നിരത്തുകളിലേക്ക് എത്തുന്നു.  ഈ പുതിയ മോഡലിന് കരുത്തുപകരുന്നത് 1.5 ലിറ്റർ നാല് സിലിൻഡർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ്. എം2, എ4 പ്ലസ്, എം6 പ്ലസ് എന്നിങ്ങനെ മൂന്നു പതിപ്പുകൾ  ലഭ്യമാകും. വൈകാതെ പെട്രോൾ പതിപ്പും വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.    ഡീസൽ എൻജിനിൽ ഏറ്റവും ഉയർന്ന പതിപ്പായ  എം6 പ്ലസ് എത്തുന്നത്  17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയി വീൽ, സ്റ്റിയറിങ്‌ -അഡാപ്റ്റീവ് മാർഗനിർദേശങ്ങളുള്ള റിയർ പാർക്കിങ്‌ ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക്‌ ഡ്രൈവർ സൈഡ് വിൻഡോകൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ്. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സംവിധാനമാണ് മറ്റൊരു സവിശേഷത. സറൗണ്ടിങ്‌ കൂൾ സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ എംപിവിയാണ് മരാസോ എം6 പ്ലസ് എന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. താഴ്ന്ന വേരിയന്റുകളിൽ 16 ഇഞ്ച് വീലുകളാണ് ഉള്ളത്. ഏറ്റവും മികച്ച സാങ്കേതികവിദ്യയിൽ പുറത്തിറക്കിയിട്ടുള്ള മരാസോ ബിഎസ്-6, സുരക്ഷ, സുഖകരമായ ഡ്രൈവിങ്‌,  വിശാലമായ അകത്തളം തുടങ്ങിയവയ്‌ക്കൊപ്പം കുറഞ്ഞ പ്രവർത്തനച്ചെലവും ഉറപ്പുനൽകുന്നുവെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ  ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ വീജെയ് നക്ര പറഞ്ഞു. മരാസോ ബിഎസ്6ന്  വില 11.25 ലക്ഷം രൂപമുതൽ 13.51 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം. Read on deshabhimani.com

Related News