കൊറിയന്‍ കരുത്തില്‍ കിയ സോണറ്റ് വിപണിയില്‍



കൊറിയൻ വാഹന നിർമാതാവായ കിയ മോട്ടോഴ്‌സിന്റെ കോംപാക്ട്‌ എസ്‌യുവി സോണറ്റ് വിപണിയിലെത്തി. പെട്രോൾ, ഡീസൽ എൻജിനുകളിലായി ആറ്‌ വകഭേദങ്ങൾ ലഭ്യമാകും. 1.2 ലിറ്റർ പെട്രോൾ എൻജിനിൽ അഞ്ച്‌ സ്പീഡ് മാന്വൽ ഗിയർബോക്‌സാണുള്ളത്. 83 ബിഎച്ച്പിവരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. ഒരു ലിറ്റർ ടർബോ പെട്രോൾ എൻജിൻ 120 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. ക്ലച്ച്‌ രഹിത മാന്വൽ ട്രാൻസ്മിഷനായ, ആറ്‌ സ്പീഡ് ഐഎംടി ഗിയർബോക്‌സിനുപുറമെ ഏഴ്‌ സ്പീഡ്, ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സും ഈ എൻജിനൊപ്പം ലഭ്യമാണ്.  ഡീസൽ വിഭാഗത്തിൽ 1.5 ലിറ്റർ, നാല്‌ സിലിൻഡർ, ടർബോ ചാർജ്ഡ് എൻജിനാണുള്ളത്. ആറ്‌ സ്പീഡ് മാന്വൽ ഗിയർബോക്‌സാണ്‌ ട്രാൻസ്മിഷനെങ്കിൽ 100 ബിഎച്ച്പി കരുത്തും 240 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.  ട്രാൻസ്മിഷൻ ആറ്‌ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാകുന്നതോടെ ഇതേ എൻജിന് 115 ബിഎച്ച്പിവരെ കരുത്തും 250 എൻഎമ്മോളം ടോർക്കും സൃഷ്ടിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.    ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, 10.25 ഇഞ്ച് ടച്ച് സ്‌ക്രീൻ, വൈറസിൽനിന്നും ബാക്ടീരിയയിൽനിന്നും സംരക്ഷണം നല്കുന്നതിനായി സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ, ബോസ് സെവൻ- സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഡ്രൈവർ- പാസഞ്ചർ സീറ്റ്, 4.2 ഇഞ്ച് കളർ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വയർലെസ് സ്മാർട്ട്‌ ഫോൺ ചാർജർ തുടങ്ങിയവയാണ് കിയ സോണറ്റിന്റെ മറ്റു ചില സവിശേഷതകൾ. പെട്രോൾ മോഡലിന് 6.71 മുതൽ 11.99 ലക്ഷം രൂപവരെയും ഡീസൽ മോഡലിന് 8.05 ലക്ഷം മുതൽ 11.99 ലക്ഷം രൂപവരെയുമാണ് എക്സ് ഷോറൂം വില. Read on deshabhimani.com

Related News