ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിങ് ചാമ്പ്യൻഷിപ് 2022!



ഫെഡറേഷൻ ഓഫ് മോട്ടോർസ്പോർട് ക്ലബ്സ് ഓഫ് ഇന്ത്യയുടെ (എഫ്‌എം‌എസ്‌സി‌ഐ) മേൽനോട്ടത്തിൽ നടത്തിവന്ന നാഷണൽ മോട്ടോർസൈക്കിൾ റേസിങ് ചാമ്പ്യൻഷിപ് മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു. കോവിഡ് 19 പാൻഡമിക് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ചാമ്പ്യൻഷിപ്  ജൂൺ 10, 11, 12 തീയതികളിൽ  കോയമ്പത്തൂരിലെ കരി മോട്ടോർ സ്പീഡ്‌വേയിൽ ആദ്യമത്സരങ്ങൾ നടന്നു.  ഇന്റർനാഷണൽ, നാഷണൽ തലങ്ങളിൽ കഴിവ് തെളിയിച്ച റൈഡേഴ്‌സാണ് അഞ്ച്‌ റൗണ്ടുള്ള 2022 ചാമ്പ്യൻഷിപ്പിന്റെ ഒന്നാംറൗണ്ടിൽ  മത്സരിച്ചത്. ഇരുനൂറിൽപ്പരം എൻട്രികളാണ് ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടി‌വി‌എസ്, ഹോണ്ട, കെ‌ടി‌എം, യമഹ എന്നീ നിർമാതാക്കളുടെ വാഹനങ്ങളാണ് ത്രസിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുത്തത്.   301 സി‌സിമുതൽ 400 സി‌സിവരെയുള്ള പ്രീമിയർ പ്രോ സ്റ്റോക്ക് കാറ്റഗറിയിൽ കഴിഞ്ഞ വർഷങ്ങളിലെ ചാമ്പ്യനായ രജനി കൃഷ്ണൻ, റേസർ ക്യാസ്ട്രോൾ പവർ ഒന്നിന്‌ ഇരട്ടക്കിരീടം നേടിക്കൊടുത്തു. 14 ലാപ്പുകളുള്ള റേസിൽ ഒന്നാം ദിവസത്തെപ്പോലെ രജനി തുടക്കത്തിൽത്തന്നെ ലീഡ് ചെയ്ത് ഏകദേശം ആറുസെക്കൻഡിന്റെ വ്യത്യാസത്തിൽ ഫിനിഷ് ലൈൻ കടന്നു. രണ്ടാംസ്ഥാനത്ത് പെട്രോണാസ് ടി‌വി‌എസ് റേസിങ്ങിന്റെ കെ വൈ അഹമ്മദ് ഫിനിഷ് ചെയ്തപ്പോൾ തായ്‌ലൻഡിൽനിന്നുള്ള അതിഥി റൈഡറായ വോറപ്പോങ് മലാഹുയാൻ മൂന്നാംസ്ഥാനം കരസ്ഥമാക്കി.   പ്രോ സ്റ്റോക്ക് 165 സി‌സി കാറ്റഗറിയിൽ ബാംഗ്ലൂർ ആസ്ഥാനമാക്കിയ പേസർ യമാഹ റേസർ മഥനകുമാറും ടീംമേറ്റുകളായ പ്രഭു അരുണഗിരിയും മിഥുൻകുമാറും കൂടുതൽ പ്രയാസങ്ങൾ ഇല്ലാതെതന്നെ റേസ് ഫിനിഷ് ചെയ്തു.  നേരെതിരാളികളായ പെട്രോണാസ് ടി‌വി‌എസ് റേസിങ്, ഇഡേമിസ്റ്റ്‌ ഹോണ്ട എസ്‌കെ 69 റേസിങ് എന്നിവരുടെ മത്സരാർഥികൾക്കു വിവിധ കാരണങ്ങളാൽ റേസ് ഫിനിഷ് ചെയ്യാൻ സാധിച്ചില്ല. ഏകദേശം 10 വർഷത്തിനുശേഷമാണ് പേസർ യമഹയ്ക്ക് ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.   പെൺകുട്ടികൾക്കായുള്ള മത്സരങ്ങളിൽ സ്റ്റോക്ക് 165 സി‌സി കാറ്റഗറിയിൽ റേസർ ക്യാസ്ട്രോൾ പവർ ഒന്നിന്റെ ലാനി സെന ഫെർണാണ്ടസ് ഒന്നാമത് ഫിനിഷ് ചെയ്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ അയോഗ്യയാകുകയും പഴയ ചാമ്പ്യനായ ആൽഫ റേസിങ്ങിന്റെ ആൻ ജെന്നിഫറിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേസമയം, കഴിഞ്ഞവർഷം നടന്ന അഞ്ച് റൗണ്ടുകളിലും വിജയിച്ച് ചാമ്പ്യനായ പേസർ യമഹയുടെ റിഹാന ബീ അവസാന ലാപ്പിൽ ക്രാഷായി 10–ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു! തുടക്കക്കാരുടെ കാറ്റഗറിയായ നോവൈസ് ക്ലാസിൽ സർവേഷ് ബല്ലപ്പ വിജയിച്ചു.   Read on deshabhimani.com

Related News