ഒരു കിലോമീറ്ററിന് ചെലവ് അന്‍പത് പൈസയില്‍ താഴെ; കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക് ഓട്ടോ വിപണിയിലേക്ക്



തിരുവനന്തപുരം > കേരളത്തിന്റെ ഇലക്‌ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ - ഓട്ടോ സിഎംവിആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ ഇ - ഓട്ടോ പിപണിയില്‍ എത്തിക്കും. സംസ്ഥാനസര്‍ക്കാറിന്റെ ഇ - വെഹിക്കിള്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ - ഓട്ടോയ്ക്ക് രൂപം നല്‍കിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ- ഓട്ടോയുടെ പ്രത്യേകത. ഒരു പ്രാവശ്യം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും സാധിക്കും. സ്റ്റാന്റുകളിലും മറ്റും ചാര്‍ജ്ജിംഗ് സംവിധാനം ഒരുക്കിയാല്‍ തടസങ്ങളില്ലാതെ ഓട്ടം സാധ്യമാക്കാം. അഞ്ചു മാസം കൊണ്ടു തന്നെ ഇ - ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് കഴിഞ്ഞു. ഇലക്ട്രിക് വാഹന വികസനത്തിനു വേണ്ടി കേരളാ ഓട്ടോമൊബൈല്‍സിന് കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ നീക്കി വെച്ചിരുന്നു. ഇത് ഉപയോഗിച്ച് കൂടുതല്‍ ഇലക്ട്രിക് ഓട്ടോ രംഗത്തിറക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. Read on deshabhimani.com

Related News