ബി‌എം‌ഡബ്ല്യു ഐ 4 ; ഇന്ത്യയിലെ ആദ്യത്തെ മിഡ്സൈസ് ഇലക്‌ട്രിക്‌ കാർ



ഇന്ത്യയിൽ ആഡംബര ഇലക്‌ട്രിക്‌ കാറുകളുടെ നിരയിലേക്ക് ഡ്രൈവിങ് ഡൈനാമിക്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള, മുഴുവനായും ഇലക്‌ട്രിക്‌ കാർ ഐ4 ബി‌എം‌ഡബ്ല്യു കൊണ്ടുവരുന്നു.  ഇന്ത്യയിലെ ആദ്യത്തെ മിഡ്സൈസ് ഇലക്‌ട്രിക്‌ കാറാണ് ഐ 4. പുറമെനിന്നും വളരെ സ്ലിമ്മായ എയറോഡൈനാമിക് ഡിസൈൻ കാറിനെ സ്പോർട്ടിയാക്കുന്നു. സ്പോർടി ലുക്ക് മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും കൂടുതൽ റേഞ്ചുള്ള കാർകൂടിയാണ്  ബി‌എം‌ഡബ്ല്യു ഐ4! ഫുൾ ചാർജിൽ 590 കിലോമീറ്ററാണ് ബി‌എം‌ഡബ്ല്യു അവകാശപ്പെടുന്ന റേഞ്ച്. ഇതിൽ ഓൺറോഡിൽ  500 കിലോമീറ്റർ റേഞ്ച് കിട്ടിയാലും ഏറ്റവും നല്ല റേഞ്ച് അതുതന്നെ. വളരെ സ്ലിമ്മായ ലിഥിയം അയൺ ബാറ്ററിയും ബി‌എം‌ഡബ്ല്യുവിന്റെ ഇ–--ഡ്രൈവ് ടെക്നോളജിയും എയർ സസ്പെൻഷനുള്ള പിന്നിലെ ആക്സിലും ചേർന്ന് ഐ4ലെ യാത്ര സുഖകരമാകുമെന്ന് ഉറപ്പുവരുത്തുന്നു. ആക്സിലിലെ ഓട്ടോമാറ്റിക് സെൽഫ് ലെവലിങ് ഫങ്‌ഷൻ വളവുകളിൽപ്പോലും കാറിനെ സ്റ്റേബിളായി നിയന്ത്രിക്കുന്നു. അകത്ത്‌ സ്ഥലസൗകര്യവും സ്പോർട്ടി സീറ്റുകൾ, സ്പോർട്ടി സ്റ്റീറിങ്‌ വീൽ, കർവുള്ള ഇൻഫോടൈൻമെന്റ്‌  ഡിസ്‌പ്ലേ സ്ക്രീൻ എന്നിവ ഡ്രൈവറെ കേന്ദ്രീകരിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.  എല്ലാ അവസരങ്ങൾക്കും ചേരുന്ന രീതിയിൽ ഡിസൈൻ ചെയ്ത 6 ആമ്പിയന്റ്‌ കളർ ലൈറ്റിങ്, ശുദ്ധവായു ഉറപ്പുവരുത്തുന്ന നാനോ ഫൈബർ ഫിൽറ്ററുള്ള 3 സോൺ എയർ കണ്ടീഷനിങ് എന്നിവയാണ് അകത്തെ മറ്റ് ഫീച്ചറുകൾ. ഓൺലൈൻ ബുക്ക് ചെയ്യാവുന്ന ബി‌എം‌ഡബ്ല്യു ഐ 4ന്റെ എക്സ്ഷോറൂം ഇൻട്രോഡക്ടറി  വില 69.9 ലക്ഷം രൂപയാണ്. ഇതാദ്യമായാണ് ബി‌എം‌ഡബ്ല്യു ഇൻട്രോഡക്ടറി പ്രൈസ് ഓഫർ ചെയ്യുന്നത്. ബുക്ക് ചെയ്ത വാഹനങ്ങൾ ജൂലൈ ആദ്യവാരത്തിൽ ഡെലിവറി തുടങ്ങും. Read on deshabhimani.com

Related News