ആപ്പുകൾ ‘ആപ്പിലാ’ക്കുന്നു



അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും, നിങ്ങളുടെ വായ‌്‌‌പാ തുക എത്ര, സ്വർണ വായ‌്പ എളുപ്പത്തിൽ എന്നിങ്ങനെ ഫെയ‌്‌‌‌‌സ‌്‌‌‌ബുക്കിലെ ലിങ്കുവഴി ആപ്ലിക്കേഷനുകൾ ഡൗൺലോഡ‌് ചെയ‌്ത‌് ‘ആപ്പിലായവർ’ അനവധിയാണ‌്. നിരവധിപേരുടെ ഫെയ‌്‌‌‌സ‌്‌‌‌‌ബുക്ക‌് അക്കൗണ്ടും ഇതുവഴി ഹാക്ക‌് ചെയ്യപ്പെട്ടു. ഇത്തരം ആപ്ലിക്കേഷനുകളെ തടയാൻ കർശന നടപടിയുമായി ഗൂഗിൾ എത്തിയിരിക്കുന്നു. പ്ലേ സ്റ്റോറിൽ ഉണ്ടായ ഇത്തരം 28 വ്യാജ ആപ്പുകളാണ‌് ഗൂഗിൾ നീക്കംചെയ്‌‌‌‌തത‌്. എല്ലാം ഇന്ത്യയിൽ വികസിപ്പിച്ച ആപ്പുകൾ. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സാർവേഷ് ഡെവലപ്പർ എന്ന പേരിലുള്ള കമ്പനിയാണ് 28 വ്യാജ ആപ്പുകളും വികസിപ്പിച്ചത‌്. വിർച്വൽ ഡാറ്റ, മിനി വാലറ്റ്, ഗോൾഡ് ലോൺ, ലവ് ലിഫ, ചിറ്റ് ഫണ്ട്സ‌്, ക്രെഡിറ്റ് കാർഡ്‌ പ്രോസസ് തുടങ്ങിയ ആപ്പുകളെയാണ‌് ഒഴിവാക്കിയത‌്. ഈ ആപ്ലിക്കേഷനുകളുടെ പ്രവർത്തനങ്ങൾക്ക് അവയുടെ പേരുമായി യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തി. ഇത്തരം ആപ്ലിക്കേഷനുകൾ പരസ്യങ്ങൾ നിറയുകയും സാങ്കേതിക തകരാർ മൂലം പ്രവർത്തിക്കാനാവില്ലെന്ന‌് കാണിച്ച‌് പ്രവർത്തനരഹിതമാവുകയുമാണ‌് പതിവ‌്. Read on deshabhimani.com

Related News