പരസ്യങ്ങള്‍ ശല്യമാകാതെ കാണാന്‍ യൂട്യൂബില്‍ മാറ്റങ്ങള്‍



പണ്ട് ദൂരദര്‍ശന്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ടിവിയില്‍ പരസ്യംവന്നാല്‍ നമ്മള്‍ ശ്രദ്ധിച്ച് കാണുമായിരുന്നു. ഇന്നത്തെയത്ര പരസ്യങ്ങളുമില്ല, നമുക്ക് വേറെ വഴിയുമില്ല. വിസിയാറിലൊക്കെ സിനിമ കാണുമ്പോള്‍ ഫാസ്റ്റ് ഫോര്‍വേഡ് അടിച്ച് നമ്മള്‍ പരസ്യങ്ങളേ പറ്റിച്ചു. സിനിമാ തിയറ്ററില്‍ ചെന്നാല്‍ ശ്വാസ കോശം സ്പോഞ്ച്പോലെ എന്ന് കേള്‍ക്കാതെ രക്ഷയില്ല. കേബിള്‍ ടിവിയുടെ വരവോടുകൂടി പരസ്യം വരുമ്പോള്‍ ചാനല്‍ മാറ്റുന്ന സ്വഭാവക്കാരായി നമ്മള്‍. പരസ്യം നല്‍കുന്ന ബ്രാന്‍ഡുകളും, പരസ്യവാഹകരായ ചാനലുകളും ഒരു സൂത്രം ചെയ്തു.  പരസ്യങ്ങള്‍ എല്ലാ ചാനലിലും ഒരേസമയത്തുതന്നെ വരും. കുറച്ചു കഴിഞ്ഞപ്പോള്‍ ഇവര്‍ ഒരുപടികൂടി മുന്നോട്ടുപോയി. ഒരേ പരസ്യംതന്നെ പല ചാനലിലും ഒരേസമയത്ത് വരുന്ന അവസ്ഥ. അതായത് രക്ഷപ്പെടാന്‍  വഴിയേയില്ല. പിന്നീട് യൂട്യൂബ് കുറച്ച് ആശ്വാസമേകുന്ന് നമ്മള്‍ കരുതി. അവിടെയും പരസ്യം. പക്ഷെ ചില പരസ്യങ്ങള്‍ നിശ്ചിതസമയം കഴിഞ്ഞാല്‍ സ്കിപ് ചെയ്യാന്‍ സാധിക്കും. മറ്റുള്ളവയാണെങ്കില്‍ കണ്ടിരിക്കുകതന്നെ ശരണം.  ഇത്തരം നീണ്ട സ്കിപ് ചെയ്യാന്‍സാധിക്കാത്ത 30 സെക്കന്‍ഡിലേറെ നീണ്ട പരസ്യങ്ങളോട് യൂട്യൂബ് വിട പറയാനൊരുങ്ങുന്നു. പ്രേക്ഷകര്‍ക്ക് ശല്യമായി തോന്നുന്ന, മടുപ്പ് തോന്നിപ്പിക്കുന്ന ഈ പരസ്യ ഫോര്‍മാറ്റ് അടുത്തവര്‍ഷത്തോടെ പെട്ടിയിലാകും. ടിവിപോലെയല്ല ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള വീഡിയോ കാണല്‍ എന്നും, ആര്‍ക്കും 30 സെക്കന്‍ഡ് ഒരു പരസ്യം കാണാന്‍ ക്ഷമയില്ലെന്നുമുള്ള തിരിച്ചറിവാണ് യൂട്യൂബിനെ ഇത്തരമൊരു തീരുമാനം എടുപ്പിച്ചത്. കാണികള്‍ക്കു മാത്രമല്ല പരസ്യങ്ങള്‍ നല്‍കുന്ന ബ്രാന്‍ഡുകള്‍ക്കും ഇത് ഗുണംചെയ്യും. നിര്‍ബന്ധിച്ച് പരസ്യംകാണിച്ച് പണം കാലിയാവുമെന്ന പേടി ഇനി അധികം വേണ്ട. സ്കിപ് ചെയ്യാന്‍ സാധിക്കാത്ത പരസ്യങ്ങള്‍ പൂര്‍ണമായും ഒഴിവാകുമെന്ന് ധരിക്കേണ്ട. 15, 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്കിപ് ചെയ്യാന്‍സാധിക്കാത്ത പരസ്യങ്ങള്‍ തുടരും. പുതിയ തലമുറയുടെ ക്ഷമകേടിന്റെ പ്രതിഫലനമാണ് ഈ തീരുമാനം. ഇതുകൂടാതെ കൂടുതല്‍ ആറു സെക്കന്‍ഡ് പരസ്യങ്ങള്‍ യൂട്യൂബില്‍ എത്തുമെന്നാണ് പറയപ്പെടുന്നത്.   Read on deshabhimani.com

Related News