ഫോണുംകാണും സിഐഎ



ഇക്കഴിഞ്ഞയാഴ്ച വിക്കിലീക്സ് പുറത്തുവിട്ട വോള്‍ട്ട് 7  രേഖകള്‍പ്രകാരം അമേരിക്കന്‍ ചാരസംഘടനയായ സിഐഎക്ക് ഐ ഫോണ്‍, സാംസങ് ടിവി അടക്കമുള്ള ഗാഡ്ജറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള കഴിവുള്ളതായി പറയപ്പെടുന്നു. 8,761 പേജുള്ള ഈ രേഖകളില്‍ ഹാക്കിങ്ങിനായി ഇവര്‍ ഉപയോഗിക്കുന്ന കോഡ് അടക്കം വിക്കിലീക്സ് ലഭ്യമാക്കിയിട്ടുണ്ട്. ഇതൊക്കെ ആര്‍ക്കെതിരെ എപ്പോള്‍ ഉപയോഗിച്ചുവെന്ന വിവരങ്ങള്‍ ലഭ്യമല്ലതാനും. അമേരിക്കന്‍ ജനതയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ തങ്ങള്‍ക്ക് നിയമപരമായി സാധിക്കുകയില്ല എന്നതാണ് സിഐഎ ഇതിനു മറുപടിയായി പറഞ്ഞത്. അതായത് ഇത്തരം ടൂളുകള്‍ ഉപയോഗിച്ച് മറ്റാരുടെയൊക്കെയോ സ്വകാര്യ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തി എന്നാണോ? വിവരങ്ങള്‍ എങ്ങിനെ വിക്കിലീക്സിന്റെ അടുത്തെത്തി എന്നുള്ളത് സിഐഎ അന്വേഷിച്ചുവരികയാണ്. ഇത്തരം ചാരപ്പണി നടത്താന്‍ സിഐഎയെ സഹായിച്ച പഴുതടയ്ക്കാന്‍ ആപ്പിളുമായും, സാംസങ്ങുമായും ഒക്കെ സഹായിക്കാന്‍ തയ്യാറാണെന്ന് വിക്കിലീക്സിന്റെ ജൂലിയന്‍ അസാന്‍ജ് പറയുകയുണ്ടായി.  സീറോ ഡേ വള്‍നറബിലിറ്റിസ് എന്നറിയപ്പെടുന്ന ഈ സുരക്ഷാപിഴവുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാരും, സര്‍ക്കാര്‍ സംവിധാനങ്ങളും ഒക്കെ സ്പൈ വെയര്‍, മാല്‍വെയര്‍ എന്നൊക്കെ പറയപ്പെടുന്ന തട്ടിപ്പു സോഫ്റ്റ്വെയര്‍ കുത്തിക്കയറ്റുകയും, ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും ഒക്കെ ചെയ്യുകയാണ് പതിവ്. സിഐഎ ഇത് ചെയ്യുകയായിരുന്നുവെന്നു വേണം വിക്കിലീക്സ് രേഖകളില്‍നിന്നു മനസ്സിലാക്കാന്‍.  ഐ ഫോണ്‍, ആന്‍ഡ്രോയ്ഡ് ഗാഡ്ജറ്റുകളില്‍ ഒക്കെ നുഴഞ്ഞുകയറാനുള്ള എല്ലാ സംവിധാനങ്ങളും സിഐഎയുടെ പക്കല്‍ ഉണ്ടെന്ന് സ്പഷ്ടം.  വിദൂരമായി നിങ്ങളുടെ ഫോണിലെ ക്യാമറയും മൈക്കും ഒക്കെ ഓണാക്കുകയും, ലൊക്കേഷന്‍ മനസ്സിലാക്കുകയും, സന്ദേശങ്ങള്‍ വായിക്കുകയും ഒക്കെ ചെയ്യാന്‍ സിഐഎക്ക് കഴിയുമെന്നാണ് വിക്കിലീക്സ് പറയുന്നത്. ഇതുകൂടാതെ ബ്രിട്ടീഷ് ചാരസംഘടനയുമായി ചേര്‍ന്ന് സാംസങ് ടിവിയില്‍ നുഴഞ്ഞുകയറാനുള്ള കഴിവും ഇവര്‍ സ്വന്തമാക്കി. അപ്പോള്‍ എന്റെയും നിങ്ങളുടെയും ഫോണിലും ടാബിലും ഒക്കെ സിഐഎയുടെ കണ്ണുകള്‍ ഉണ്ടെന്നാണോ? അല്ല എന്ന് നമുക്കു പ്രതീക്ഷിക്കാം. അത്ര മാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കൂ. വിവരങ്ങള്‍ക്ക്: https://wikileaks.org/ciav7p1/  Read on deshabhimani.com

Related News