ഓണ്‍ലൈനും ഓഫ്‌ലൈനും



ഓണ്‍ലൈന്‍ ഷോപ്പുകള്‍ ഓഫ്ലൈനിലേക്കും വരുന്ന കാഴ്ചയാണിപ്പോള്‍. ആമസോണ്‍ ഡോട്ട് കോം ഓഫ്ലൈന്‍ ലോകത്തും തങ്ങളുടെ നില ഉറപ്പിക്കാന്‍ ഒരുങ്ങുകയായി. സിയാറ്റിലില്‍ പരീക്ഷണരൂപത്തില്‍ തുടങ്ങിയ പുസ്തകക്കട. അതെ, ഓണ്‍ലൈന്‍ അല്ല, നമുക്ക് നടന്നുകയറാന്‍ കഴിയുന്ന യഥാര്‍ഥ കട. ഇത് വിജയമായ സാഹചര്യത്തില്‍ നാന്നൂറോളം പുസ്തകക്കടകള്‍ അമേരിക്കയില്‍ തുടങ്ങാനാണ് ആമസോണിന്റെ ലക്ഷ്യം. അമേരിക്കയിലെ പുസ്തകക്കടകളായ ബാണ്‍സ് ആന്‍ഡ് നോബിലിന് ആകെ 640ഉം, ബുക്സ് എ മില്യന് 255ഉം കടകളെ ഉള്ളൂവെന്നത് ശ്രദ്ധിക്കുക. അമേരിക്കയില്‍ മാത്രമല്ല, ഇന്ത്യയിലും നിരവധി ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റുകള്‍ ഓഫ്ലൈന്‍ സ്റ്റോറുകള്‍ സ്ഥാപിക്കുന്നത് നമുക്കുചുറ്റും കാണുന്നു. ലെന്‍സ് കാര്‍ട്ട്, സിവാമേ, പെപ്പര്‍ ഫ്രൈ, ഫേസ്റ്റ് ക്രയി, ഫ്ളിപ്കാര്‍ട്ട് എന്നിവ ഇത്തരത്തില്‍ ചിലതുമാത്രം. ചെറിയതും, കടയില്‍ ചെന്ന് സൈസും, വിലയും ഒക്കെ നോക്കി, ലാഭം ഓണ്‍ലൈന്‍ ആണോ കടയിലാണോ എന്നൊക്കെ താരതമ്യംചെയ്ത് വാങ്ങിക്കാനുള്ള സൌകര്യം ഇത്തരം സ്റ്റോറുകള്‍ നമുക്കു നല്‍കുന്നു. പുതിയ ഓണ്‍ലൈന്‍ ബ്രാന്‍ഡുകള്‍ക്കു മാത്രമല്ല, ഫ്ളിപ്കാര്‍ട്ട് പോലെയുള്ള പഴയബ്രാന്‍ഡുകള്‍ക്കും കൂടുതല്‍ പേരുടെ മനസ്സില്‍ ഇടം കണ്ടെത്താന്‍ ഇത്തരം കടകള്‍വഴി സാധിക്കും. ഒരുകണക്കിനു പറഞ്ഞാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് അനുഭവത്തിന്റെ ഒരു ഭാഗമായി മാറുകയാണ് ഈ കടകളില്‍ ചെന്നുള്ള ‘തൊട്ടുനോക്കല്‍ അനുഭവം. ഓണ്‍ലൈന്‍ ബ്രാന്‍ഡുകളെ സംബന്ധിച്ചു നോക്കിയാല്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കിയുള്ള ഒരു ഔട്ട്ഡോര്‍ (നമ്മള്‍ റോഡ്വക്കിലൊക്കെ കാണുന്ന വലിയ പരസ്യബോഡുകള്‍) പരസ്യത്തെക്കാള്‍ ലാഭകരമാണ് ഇത്തരത്തില്‍ ഒരു ഓഫ്ലൈന്‍ കട നടത്തിപ്പോകുന്നത്. ഓണ്‍ലൈന്‍ കടക്കാര്‍ ഇന്റര്‍നെറ്റ് ലോകത്തിനു പുറത്തും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഓഫ്ലൈന്‍ സ്റ്റോറുകളാകട്ടെ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ഉപഭോക്താക്കള്‍ക്ക് കൊടുക്കുന്ന സൌകര്യം, അനുഭവം, വിലക്കിഴിവ് ഇതൊക്കെ കണ്ട് വെപ്രാളംകൊണ്ടിരിക്കുന്നു. ഓണ്‍ലൈന്‍ സ്റ്റോറുകളെ ഓണ്‍ലൈന്‍തന്നെ നേരിടാന്‍വേണ്ടിയാണ് ലൈഫ് സ്റ്റൈല്‍, ക്രോമ, റിലയന്‍സ്, ഫ്യൂചര്‍ ഗ്രൂപ്പ് അടക്കമുള്ള ബ്രാന്‍ഡുകള്‍ ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് തങ്ങളുടെ കൊച്ചുകടകള്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ സ്ഥാപിച്ചത്. സ്ക്രീനുകള്‍ ചെറുതാണെങ്കില്‍, കടകളിലെ ഷെല്‍ഫുകള്‍ നമുക്ക് സാധനങ്ങള്‍ കാണാനും തൊടാനും ഒക്കെ ധാരാളം. ഓണ്‍ ലൈന്‍ ആകുമ്പോള്‍ സ്ഥലപരിമിതി ഒരു പ്രശ്നമല്ല, കടകളില്‍ അങ്ങിനെയല്ല. Read on deshabhimani.com

Related News