ട്വിറ്റർ ശുദ്ധീകരണ യജ്ഞം!



വ്യാജവാർത്താപ്രചാരണം ചെറുക്കാനായി ട്വിറ്റർ സ്വയംശുദ്ധീകരണം ആരംഭിച്ചു. ദിനംപ്രതി പത്തുലക്ഷം അക്കൗണ്ട‌് ട്വിറ്റർ മരവിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്. മാസങ്ങളായി ഈ നടപടി തുടരുകയാണ്. വ്യാജപ്രചാരണങ്ങളുടെ ഉറവിടമെന്ന് സ്ഥിരീകരിച്ച  അക്കൗണ്ടുകളാണ് റദ്ദാക്കുന്നത്. മെയ്, ജൂൺ മാസങ്ങളിൽമാത്രം ട്വിറ്റർ ഏഴുകോടി വ്യാജ അക്കൗണ്ടാണ് മരവിപ്പിച്ചതെന്ന് വാഷിങ്ടൺ പോസ്റ്റ് വെളിപ്പെടുത്തി. ഈ നിലയിൽ അക്കൗണ്ടുകൾ വെട്ടിക്കുറച്ചാൽ ട്വിറ്ററിന്റെ കൊട്ടിഘോഷിക്കപ്പെട്ട അംഗബലം വൻതോതിൽ ഇടിയും. അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിച്ചത് കമ്പനിക്ക് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വ്യാജ വാർത്താപ്രചാരണത്തിനായി സംഘടിതമായി ശ്രമം ട്വിറ്ററിലൂടെ നടക്കുന്നതായി ഐടി രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യാജ അക്കൗണ്ടുകൾ നിരീക്ഷിക്കാനും നശിപ്പിക്കാനും പ്രത്യേക നിരീക്ഷണസംവിധാനം ട്വിറ്റർ അടുത്തിടെ ഏർപ്പെടുത്തിയിരുന്നു. 33.6 കോടിയിലേറെ സജീവ അംഗങ്ങൾ ട്വിറ്ററിലുണ്ടെന്നാണ് അവസാനം പുറത്തുവന്ന റിപ്പോർട്ട്. ഇതിൽ പത്തുശതമാനമെങ്കിലും വ്യാജന്മാരാണെന്ന് കരുതുന്നു. Read on deshabhimani.com

Related News