ഇനി നിറമുള്ള സോളാര്‍ സെല്ലുകള്‍



കൊച്ചി > സോളാര്‍പാനലുകള്‍ക്കു നിറമില്ല എന്ന പേരില്‍ വീടുകളില്‍നിന്ന് ഒഴിവാക്കിയിരുന്നവര്‍ക്ക് ഇനി അങ്ങനെ വേണ്ടിവരില്ല. മേല്‍ക്കൂരയില്‍ മാത്രമല്ല, ജനലുകളിലും ഭിത്തിയിലുമെല്ലാം സ്ഥാപിക്കാവുന്ന നിറമുള്ള സോളാര്‍പാനലുകള്‍ ഇനി നിര്‍മിക്കാം. ഐഐടി മുംബൈയിലെ മലയാളിഗവേഷകസംഘമാണ് നാനോഫോട്ടോണിക് കോട്ടിങ്ങുള്ള സോളാര്‍സെല്ലുകള്‍ എന്ന സാങ്കേതികവിദ്യക്ക് രൂപംനല്‍കിയത്. സെലക്ടീവ്ലി മോഡുലേറ്റഡ് എസ്തറ്റിക് റിഫ്ളക്ടര്‍ ടെക്നോളജി (സ്മാര്‍ട്ട്) എന്നാണ് ഈ സാങ്കേതികവിദ്യയുടെ പേര്. മുംബൈ ഐഐടിയിലെ ഗവേഷകര്‍ മലയാളികളായ ഡോ. ആല്‍ഡ്രിന്‍ ആന്റണി, അനീഷ്കുമാര്‍ സോമന്‍ എന്നിവരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. എന്താണ് സ്മാര്‍ട്ട്? സെലക്ടീവ്ലി മോഡുലേറ്റഡ് എസ്തറ്റിക് റിഫ്ളക്ടര്‍ ടെക്നോളജി (സ്മാര്‍ട്ട്) എന്ന പുതിയ സാങ്കേതികവിദ്യയില്‍ സോളാര്‍പാനലുകളുടെ മുകളിലുള്ള ഗ്ളാസില്‍ നാനോ ഫോട്ടോണിക് കോട്ടിങ്ങിലൂടെയാണ് കളര്‍ നല്‍കുന്നത്. മുംബൈ ഐഐടിയിലെ എനര്‍ജി സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഭാഗത്തിലാണ് ഈ ഗവേഷണം നടത്തിയത്. നിലവില്‍ ഗ്ളാസില്‍ വിവിധ നിറങ്ങള്‍ പെയിന്റ്ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യകളുടെ പോരായ്മകള്‍ പരിഹരിക്കുന്നതാണ് സ്മാര്‍ട്ട്. ഈ കോട്ടിങ്ങുകള്‍ക്ക് 25 വര്‍ഷംവരെ സുസ്ഥിരതയും ഗവേഷകസംഘം അവകാശപ്പെടുന്നു. പുതിയ കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് നടപടികള്‍ പുരോഗമിക്കുന്നു. അന്താരാഷ്ട്ര കമ്പനികളുമായി നിര്‍മാണത്തിനുള്ള ചര്‍ച്ചകളും നടക്കുന്നു. പുതിയ സാങ്കേതികവിദ്യ നഗരങ്ങളില്‍ സോളാര്‍സെല്ലുകള്‍ സ്ഥാപിക്കുന്നതിന് കൂടുതല്‍ സഹായകമാകും. നിലവില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലാണ് സോളാര്‍പാനലുകള്‍ സ്ഥാപിക്കുന്നത്. നഗരങ്ങളില്‍ ബഹുനിലമന്ദിരങ്ങള്‍ വര്‍ധിച്ചുവരുന്നതുകൊണ്ട് സോളാര്‍പാനലുകളുടെ വ്യാപനത്തിനു പരിമിതിയായി. ഇതു മറികടക്കാന്‍ ഭിത്തിയിലും ജനലുകളിലുംകൂടി പാനലുകള്‍ സ്ഥാപിക്കണം. എന്നാല്‍ നീലയും ബ്രൌണും നിറങ്ങളില്‍ മാത്രമേ നേരത്തെ പാനലുകള്‍ നിര്‍മിക്കാന്‍കഴിയുമായിരുന്നുള്ളൂ. പുതിയ വിദ്യയിലൂടെ കെട്ടിടങ്ങളുടെ നിറത്തിനനുസരിച്ച് ഏതു നിറത്തിലും പാനലുകള്‍ തയ്യാറാക്കാം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്ല നിറങ്ങളോട് ഇഷ്ടമാണ്. സോളാര്‍പാനലുകളില്‍ നിറങ്ങളുടെ സാധ്യത ഇല്ലാത്തത് പലരും പോരായ്മായായി കാണുന്നു. ആ പരിമിതി മറികടക്കുക എന്നത് ഗവേഷണലക്ഷ്യമായിരുന്നു. സോളാര്‍സെല്ലുകള്‍ ആകര്‍ഷകവും  ഉപയോക്താക്കള്‍ക്ക് താങ്ങാനാവുന്നതുമാക്കുകയാണ് ലക്ഷ്യം  -അനീഷ്കുമാര്‍  സോമന്‍ പറഞ്ഞു. അടുത്തഘട്ടം ഗവേഷണം കളര്‍ സോളാര്‍പാനലുകളില്‍ അവസാനിക്കുന്നില്ല ആല്‍ഡ്രിന്റെയും അനീഷിന്റെയും നേതൃത്വത്തിലുള്ള ഗവേഷണം. കൂടുതല്‍ ഊര്‍ജംനല്‍കുന്ന സൌരോര്‍ജസെല്ലുകള്‍ രൂപകല്‍പ്പനചെയ്യുന്നതിനുള്ള ഗവേഷണത്തിലാണ് ഇവര്‍ തുടക്കം കുസാറ്റില്‍ എറണാകുളം പച്ചാളം വടശേരി വീട്ടില്‍ വി പി ആന്റണിയുടെയും മേരിയുടെയും മകനായ ആല്‍ഡ്രിന്‍ കുസാറ്റില്‍നിന്നാണ് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയത്. സൌരോര്‍ജസെല്ലുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പിഎച്ച്ഡി. തുടര്‍ന്ന് യൂറോപ്പില്‍ സൌരോര്‍ജ ഗവേഷണ പ്രോജക്ടില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ദേശീയ സോളാര്‍ എനര്‍ജി മിഷനില്‍ ഫെലോഷിപ് ലഭിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയിലേക്കു വന്നത്.  മുംബൈ ഐഐടിയില്‍ അനീഷ്കുമാര്‍ സോമന്‍ ആല്‍ഡ്രിനൊപ്പം റിസര്‍ച്ച് ഫെലോയായിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ ഡെലവെയര്‍ സര്‍വകലാശാലയില്‍  ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്വകുപ്പില്‍ ഗവേഷകവിദ്യാര്‍ഥിയാണ്. മുംബൈയില്‍ സ്ഥിരതാമസക്കാരായ, കോട്ടയം കാടമുറി സ്വദേശി കെ കെ സോമന്റെയും പൊന്നമ്മയുടെയും മകനാണ് അനീഷ് സോമന്‍. Read on deshabhimani.com

Related News