രക്ഷപെടാനാകാതെ എംടിഎൻഎൽ, നഷ്‌ടം കുമിഞ്ഞുകൂടുന്നു



ബിഎസ്‌എൻഎല്ലിന്റെ അനുബന്ധ സ്ഥാപനമായ മഹാനഗർ ടെലിഫോൺ ലിമിറ്റഡും(എംടിഎൻഎൽ) കനത്ത നഷ്‌ടത്തിൽ. 2022–-23 സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ മാത്രം 653 കോടി രൂപയുടെ നഷ്ടമാണ്‌ കമ്പനിക്കുണ്ടായത്‌. ബിഎസ്‌എൻഎൽ, എംടിഎൻഎൽ എന്നിവ സ്വകാര്യ കുത്തകകൾക്ക്‌ കൈമാറി 23000 കോടിരൂപ സമാഹരിക്കുമെന്ന്‌ മുമ്പ്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ്‌ ഭീമമായ നഷ്ടക്കണക്ക്‌ പുറത്തുവരുന്നത്‌. 2021ൽ 29391 കോടി രൂപയായിരുന്നു എംടിഎൻഎല്ലിന്റെ കടം. കമ്പനിയുടെ ആകെ വരുമാനത്തിലും 17 ശതമാനം ഇടിവുണ്ട്‌. 250 കോടിയാണ്‌ ആദ്യ ത്രൈമാസത്തിലെ വരുമാനം. കഴിഞ്ഞ വർഷം ഇത്‌ 301.15 കോടി രൂപയായിരുന്നു. എംടിഎൻഎൽ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനമാണ്‌ എംടിഎൻഎൽ എന്ന്‌ ടെലികോം മന്ത്രാലയവും അംഗീകരിച്ചതാണ്‌. എംടിഎൻഎല്ലിന്റെ പുനരുജ്ജീവനത്തിന്‌ ബോണ്ടുകളിലൂടെ 17571 കോടി രണ്ടുവർഷത്തിനുള്ളിൽ സമാഹരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. എംടിഎൻഎല്ലിനൊപ്പം മാതൃസ്ഥാപനമായ ബിഎസ്‌എൻഎല്ലും കനത്ത നഷ്ടത്തിലാകുമ്പോൾ സ്വകാര്യ ടെലികോം കമ്പനികളുടെ ലാഭം ഉയരുന്നതായാണ്  കണക്കുകൾ. ഭാരതി എയർടെൽ 22 ശതമാനം വരുമാന വർധനയാണ്‌ രേഖപ്പെടുത്തിയത്‌. റിയലൻസിന്റെ ത്രൈമാസ ലാഭം 4,335 കോടിയായി ഉയർന്നിട്ടുണ്ട്‌. 21.5 ശതമാനമാണ്‌ വളർച്ച. അധികം വൈകാതെ 5ജി കൂടെ എത്തിയാൽ നിലവിൽ 4ജി സേവനം പോലും വ്യാപിപ്പിക്കാത്ത ബിഎസ്‌എൻഎല്ലും എംടിഎൻഎല്ലും ചിത്രത്തിൽ നിന്ന്‌ പുർണമായും ഇല്ലാതാകുന്നത്‌ വിദൂരമല്ല. Read on deshabhimani.com

Related News