ഐഎസ‌്ആർഒയ്‌ക്ക‌് ചരിത്രനേട്ടം അടിയന്തര രക്ഷാകവച പരീക്ഷണം വിജയം



മനുഷ്യനെ ബഹിരാകാശത്തേക്ക‌് അയക്കുന്നതിനു മുന്നോടിയായുള്ള ഐഎസ‌്ആർഒയുടെ അടിയന്തര രക്ഷാകവച പരീക്ഷണം വിജയകരം. വിക്ഷേപണത്തറയിൽനിന്ന‌് റോക്കറ്റ‌് കുതിക്കുന്ന സമയത്ത‌്  അപകടസൂചനയുണ്ടായാൽ ബഹിരാകാശ സഞ്ചാരികൾക്ക‌്  രക്ഷപ്പെടുന്നതിനുള്ള അത്യന്തം  സങ്കീർണമായ സാങ്കേതികവിദ്യയാണിത‌്. റഷ്യ, അമേരിക്ക, ചൈന എന്നിവയ‌്ക്ക‌ു പിന്നാലെ ഇന്ത്യയും ഇതോടെ ഈ സാങ്കേതികവിദ്യ സ്വന്തമാക്കിയിരിക്കുകയാണ‌്. തിരുവനന്തപുരം വിഎസ‌്എസ‌്സിയാണ‌് ഈ സാങ്കേതികവിദ്യ (ക്രൂ എസ‌്കേപ‌് സിസ്റ്റം) വികസിപ്പിച്ചത‌്. വ്യാഴാഴ‌്ച ശ്രീഹരിക്കോട്ടയിലെ സതീഷ‌് ധവാൻ സ‌്പെയ‌്സ‌് സെന്ററിലായിരുന്നു പരീക്ഷണം. അഞ്ചു മണിക്കൂർ നീണ്ട കൗണ്ട‌് ഡൗണിനൊടുവിൽ രാവിലെ ഏഴിന‌് പ്രത്യേകം തയ്യാറാക്കിയ റോക്കറ്റ‌് ഗഗനചാരികളില്ലാത്ത കവചവുമായി കുതിച്ചു.  നൂറ‌് സെക്കൻഡ‌് പിന്നിട്ടപ്പോൾ ‘അപകടസൂചന’ മണത്തറിഞ്ഞ 12.6 ടൺ ഭാരമുള്ള ക്രൂമോഡ്യൂൾ സ്വയം വേർപെട്ട‌് ശരവേഗത്തിൽ രക്ഷാസ്ഥാനത്തേക്ക‌് പാഞ്ഞു. ശ്രീഹരിക്കോട്ടയിൽനിന്ന‌് രണ്ടര കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ പതിച്ച ക്രൂമോഡ്യൂൾ കണ്ടെത്തി കരയിലെത്തിച്ചു. പത്തുവർഷത്തിലേറെ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ‌് ഐഎസ‌്ആർഒ സാങ്കേതികവിദ്യ വികസിപ്പിച്ചത‌്. മനുഷ്യനെ ബഹിരാകാശത്തേക്ക‌് അയക്കുന്ന ദൗത്യങ്ങളിൽ അപകടസാധ്യത ഏറെയാണ‌്. പ്രത്യേകിച്ച‌് വിക്ഷേപണത്തറയിൽനിന്ന‌് വാഹനം പുറപ്പെട്ടശേഷമുള്ള സെക്കൻഡുകൾ. അതുകൊണ്ടുതന്നെ ഏറെ സങ്കീർണമായ ഈ സാങ്കേതികവിദ്യയിൽ കൂടുതൽ പരീക്ഷണങ്ങൾ വേണ്ടിവരുമെന്ന‌് ഐഎസ‌്ആർഒ അറിയിച്ചു. ഐഎസ‌്ആർഒ ചെയർമാൻ ഡോ. കെ ശിവൻ,  വിഎസ‌്എസ‌്സി ഡയറക്ടർ എസ‌് സോമനാഥ‌്, ഷാർ ഡയറക്ടർ പി കുഞ്ഞികൃഷ‌്ണൻ തുടങ്ങിയവർ ദൗത്യത്തിന‌് നേതൃത്വം നൽകി. Read on deshabhimani.com

Related News