ചാന്ദ്രപഥത്തിൽ രണ്ടുവർഷം, ചാന്ദ്രയാൻ–2 @ 9000



തിരുവനന്തപുരം> ഐഎസ്‌ആർഒയുടെ രണ്ടാം ചാന്ദ്രദൗത്യ ഓർബിറ്റർ ചന്ദ്രൻെറ ഭ്രമണപഥത്തിൽ  രണ്ടു വർഷം പൂർത്തിയാക്കി. ഇതിനോടകം 9000 തവണ ചന്ദ്രനെ പേടകം വലം വച്ചു കഴിഞ്ഞു. ചന്ദ്രൻെറ അറിയപ്പെടാത്ത മേഖലകളെ കുറിച്ചടക്കം നിർണാകയക വിവരങ്ങൾ ചന്ദ്രയാൻ–-2 ഓർബിറ്റർ നൽകി കഴിഞ്ഞു. ചന്ദ്രൻെറ ധ്രൂവ മേഖലകളിലും ഗർത്തങ്ങളിലുമുള്ള ജലസാന്നിധ്യത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങളും ഇക്കൂട്ടത്തിൽപെടും. ചാന്ദ്രയാൻ–-1 ചന്ദ്രനിൽ ജല സാന്നിധ്യമുണ്ടെന്ന്‌ ആദ്യമായി കണ്ടെത്തിയിരുന്നു. ചന്ദ്രൻെറ  പ്രതലം, അന്തരീക്ഷം, ഗർത്തങ്ങളുടെ സവിശേഷത, പർവതങ്ങൾ തുടങ്ങിയവയെ പറ്റി സൂഷ്‌മമായ വിവരങ്ങളാണ്‌ പേടകത്തിലെ പരീക്ഷണ ഉപകരണങ്ങൾ ലഭ്യമാക്കികൊണ്ടിരിക്കുന്നത്‌. ടെറൈൻ മാപ്പിംഗ് ക്യാമറ , ഇമേജിംഗ് ഐആർ സ്പെക്ട്രോമീറ്റർ,ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറഎന്നിവ നൂറുകണക്കിന്‌ അപൂർവ ചിത്രങ്ങളും ഇതിനോടകം ലഭ്യമാക്കി.  ഭാവി ചാന്ദ്ര ദൗത്യങ്ങൾക്ക്‌ ഏറെ സഹായകമാകുന്ന വിവരങ്ങളാണ്‌ ഇവയെല്ലാമെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ കെ ശിവൻ പറഞ്ഞു. പേടകത്തിലെ എട്ട്‌ പരീക്ഷണ ഉപകരണങ്ങളും കൃത്യതയോടെ പ്രവർത്തിക്കുന്നു. വർഷങ്ങളോളം പേടകം ദൗത്യം തുടരുമെന്നാണ്‌ ശാസ്‌ത്രലോകത്തിൻെറ വിലയിരുത്തൽ. ചാന്ദ്ര പ്രതലത്തിന്‌ നൂറു കിലോമീറ്റർ മുകളിലുള്ള പഥത്തിലാണ്‌ പേടകം വലംവയ്‌ക്കുന്നത്‌. 2019 ജൂലൈ 22 നാണ്‌ ചന്ദ്രയാൻ–-2 വിക്ഷേപിച്ചത്‌. ആഗസ്റ്റ്‌ അവസാനം പേടകം ചന്ദ്രൻെറ ഭ്രമണപഥത്തിലേക്ക്‌ എത്തി. സെപ്‌തംബർ 2 ന്‌ വിക്രം ലാൻറർ ഓർബിറ്ററി നിന്ന്‌ വേർപെട്ടു. സെപ്‌തംബർ 7 ന്‌ ചന്ദ്രൻെറ പ്രതലത്തിൽ സോഫ്‌റ്റ്‌ ലാൻറ്‌ ചെയ്യിക്കുകയായിരുന്നു ഐഎസ്‌ആർഒയുകെ ലക്ഷ്യം. എന്നാൽ അവസാന നിമിഷം ലാൻറർ നിയന്ത്രണം വിട്ട്‌ ഇടിച്ചിറങ്ങുകയായിരുന്നു. എന്നാൽ ഒാർബിറ്റർ ദൗത്യം തുടർന്നു. ചന്ദ്രയാൻ ഓർബിറ്റർ രണ്ടു വർഷം പൂർത്തിയാക്കിയതിൻെറ ഭാഗമായി  ഐഎസ്‌ആർഒ ചാന്ദ്രശിൽപശാല സംഘടിപ്പിച്ചു. ഡാറ്റകൾ വിശകലനം ചെയ്യുന്നതിനും പഠിക്കുന്നതിനും ഇന്ത്യൻ സർവകലാശാലകൾ, ഗവേഷകർ, വിദ്യാർഥികൾ, ശാസ്‌ത്രജ്‌ഞർ തുടങ്ങിയവർക്ക്‌  ഐഎസ്‌ആർഒ അവസരം ഒരുക്കിയിട്ടുണ്ട്‌. Read on deshabhimani.com

Related News