ഫേസ്‌ബുക്ക്‌ അൽഗൊരിതം സുഹൃത്തുക്കളെ നഷ്‌ടപ്പെടുത്തുന്നതിന്‌ "കുത്തും കോമയും' പരിഹാരമോ? വാസ്‌തവമെന്ത്‌?



"എന്റെ സുഹൃത്തുക്കളെ നഷ്ടപ്പെടുന്നു... അതുകൊണ്ട്‌ നിങ്ങള്‍ ഈ പോസ്റ്റ് വയിക്കുന്നുവെങ്കില്‍ ദയവായി ഒരു ഹ്രസ്വ അഭിപ്രായം നൽകൂ, ഒരു ഹലോ, ഒരു സ്റ്റിക്കർ അല്ലെങ്കിൽ ഒരു കുത്ത്‌(.), ഒരു കോമ(,)...' പുതിയ  അൽഗോരിതം മൂലം ഫേസ്‌ബുക്ക്‌ സുഹൃത്തുക്കളെ നഷ്‌ടപ്പെടുന്നുവെന്ന്‌ ആശങ്കപ്പെട്ട്‌ ഫേസ്‌ബുക്ക്‌ വാളുകളിൽ കറങ്ങിനടക്കുന്ന പോസ്റ്റുകൾ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. ഒരു കുത്തുകൊണ്ടും കോമ കൊണ്ടും നിങ്ങൾക്ക്‌ നിങ്ങളുടെ സുഹൃത്തുക്കളെ "സംരക്ഷിക്കാ'നൊക്കുമോ? എന്താണ്‌ ഇതിന്‌ പിന്നിലെ യാഥാർഥ്യം? 5000 സുഹൃദ് പരിധിയുള്ള ഫേസ്ബുക്കിന്‍റെ പുതിയ നിയമം 25 സുഹൃത്തുക്കൾക്കേ ഫീഡ് ലഭ്യമാക്കൂ എന്നാണ് അഭ്യൂഹം പരക്കുന്നത്. നിങ്ങൾ ഫോളോ ചെയ്തിട്ടുള്ളതും നിങ്ങളുടെ സുഹൃത്ത് ആയിട്ടുള്ളതും ആയ ആയിരക്കണക്കിനാളുകളുടെ പോസ്റ്റുകളും അതിനിടെ നിങ്ങൾക്ക് താല്പര്യമുണ്ടെന്ന് കരുതുന്ന പരസ്യങ്ങളുമൊക്കെ കാണിക്കാൻ ഫേസ്ബുക്ക് ഒരു അൽഗോരിതം ഉപയോഗിക്കുന്നുണ്ട്. എപ്പോഴും പുതുക്കിക്കൊണ്ടിരിക്കുന്നതും എന്നാൽ അടിസ്ഥാനപരമായ കാര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാത്തതുമായ ഈ അൽഗോരിതം പ്രത്യക്ഷമായും പരോക്ഷമായും ഉള്ള കുറേ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. 2017 ഡിസംബറിലാണ് ലാണ് ഈ അഭ്യൂഹം ആദ്യമായി പ്രചരിക്കുന്നത്. കൂടുതൽ സുഹൃത്തുക്കളിൽ നിന്ന് അടുപ്പവും മറ്റ് വാണിജ്യ,പരസ്യ ഇടങ്ങളിൽ നിന്ന് കൂടുതൽ അകലവും സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കി പുതിയ അൽഗോരിതം ഫേസ്ബുക്ക് പ്രഖ്യാപിച്ചതിനെതുടർന്നാണിത്‌. 25 സുഹൃത്തുക്കളായി ഫീഡ് സ്റ്റോറികളെ ഫേസ്ബുക്ക് പരിമിതപ്പെടുത്തുന്നില്ലെന്ന്‌ ഫേസ് ബുക്ക് പറയുന്നു. ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നപ്പോഴാണ്‌ ഫേസ്ബുക്ക് ഇക്കാര്യങ്ങളിൽ വിശദീകരണവും നൽകിയത്‌. ഇപ്പോൾ കോപ്പി പേസ്റ്റ് ചെയ്യുന്ന ഈ കാര്യങ്ങൾ രണ്ട് വർഷങ്ങൾക്ക് മുൻപേ നടന്നതാണ് എന്നതാണ്‌ വാസ്‌തവം. 2017 ൽ അമേരിക്കയിൽ പ്രചരിച്ച പോസ്റ്റുകളുടെ പരിഭാഷയാണിപ്പോൾ പ്രചരിക്കുന്നത്. ഒരു കൂട്ടം സുഹൃത്തുകളുടെ ന്യൂസ് ഫീഡ് മാത്രം കാണിക്കുക എന്നത് ബിസിനസ് സങ്കൽപ്പങ്ങൾക്ക് തന്നെ യോജിക്കുന്നതല്ല. നിങ്ങൾക്ക് ആസ്വാദ്യകരമായ അനുഭവം ലഭിക്കുന്നില്ല എങ്കിൽ അങ്ങനെ തടയുന്നു എങ്കിൽ നിങ്ങളുടെ താൽപര്യം കുറയും. എന്നാൽ അൽഗോരിതമാറ്റങ്ങൾ ഫീഡിൽ വ്യത്യാസമുണ്ടാക്കിട്ടുണ്ട്. താൽപര്യമുള്ള വിഷയങ്ങളേയും വ്യക്തികളേയും സംഭവങ്ങളേയും ഉൾപ്പെടുത്തിയാണ് അത് പ്രവർത്തിക്കുന്നതെങ്കിലും വ്യക്തികളെ പരിമിതപ്പെടുത്തുന്നില്ലെന്നാണ് ഫേസ് ബുക്ക് പറയുന്നത്. അതിനാൽ തന്നെ മറ്റ് സംഭവങ്ങൾക്കിടയിൽ സുഹൃത്തുക്കളിൽ നിന്ന് സ്റ്റോറികൾ വരുന്നില്ല എങ്കിൽ സംശയത്തിന് ഇടനൽകാം. എന്നാൽ താ‍ഴോട്ടുള്ള സ്ക്രോളിങ്ങിൽ കൂടുതൽ ഫീഡുകൾ കാണാനാകും. ചുരുക്കത്തിൽ നിങ്ങൾ കൂടുതൽ ഇടപെടുന്ന സംവദിക്കുന്ന കാര്യങ്ങൾ ക‍ഴിഞ്ഞേ മറ്റുള്ളവ പ്രത്യക്ഷമാകൂ എന്നതാണ്‌ സത്യം. ആരുടെ പോസ്റ്റുകൾ ആദ്യം കാണണം ആരിൽ നിന്ന് ഇടവേളയെടുക്കണം എന്നത്‌ തെരഞ്ഞെടുക്കാൻ മാർഗങ്ങളുണ്ട്‌. ഇതല്ലാതെ അൽഗോരിതം തെരഞ്ഞെടുക്കുന്ന പോസ്റ്റുകളിൽ ആണ്‌ ‘സിഗ്നലുകൾ’ എന്നറിയപ്പെടുന്ന ഘടകങ്ങൾ വരുന്നത് എന്ന്‌ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ ലുക്കയില്‍ എഴുതിയ കുറിപ്പില്‍ സുജിത് കുമാർ പറയുന്നു.   "ഒരു വ്യക്തിയുടെ പോസ്റ്റുകളിൽ കമന്റു ചെയ്യുക, കമന്റുകൾക്ക് മറുപടി നൽകുക, വ്യക്തിയുടെ പ്രൊഫൈൽ തേടിപ്പിടിച്ച് പോയി കമന്റ് ചെയ്യുക, മെസഞ്ചറിൽ ചാറ്റ് ചെയ്യുക, പോസ്റ്റുകളിലും കമന്റുകളിലും മെൻഷൻ ചെയ്യുക എന്നിവയൊക്കെ ചെയ്താൽ പ്രസ്തുത വ്യക്തിയുമായി നിങ്ങളുടെ ഇന്ററാൿഷൻ മെട്രിക്സ് (Interaction Metrix ) കൂടുകയും അയാളുടെ പോസ്റ്റുകൾ നിങ്ങളുടെ ന്യൂസ് ഫീഡിൽ മുൻഗണന നൽകുകയും ചെയ്യുന്നു.  ഇതും സ്ഥായി ആയത് ആയിരിക്കില്ല. നിശ്ചിത സമയക്രമത്തേക്ക് മാത്രമായി പരിമിതപ്പെടുകയും ചെയ്തേക്കാം. അതായത് കുറച്ചു കാലം ഇന്ററാൿഷനുകൾ ഒന്നും ഇല്ലെങ്കിലോ മറ്റ് മെട്രിക്സുകൾക് കൂടുതൽ പ്രാധാന്യം ലഭിക്കുമ്പോഴോ ഇതിനു മാറ്റം വരാം. ഇത്തരത്തിലുള്ള പ്രത്യക്ഷമായ സിഗ്നലുകൾക്ക് പുറമേ ഒരു പോസ്റ്റിൽ നിങ്ങൾ ചെലവഴിക്കുന്ന സമയം, നിങ്ങൾ ഇന്ററാക്റ്റ് ചെയ്ത പോസ്റ്റുകൾ ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് മനസ്സിലാക്കി അത്തരം പോസ്റ്റുകൾ കൂടുതൽ ഫീഡിൽ എത്തിക്കുക, പോസ്റ്റുകളുടെ സമയം, ലൊക്കേഷൻ, നിങ്ങൾ വീഡിയോ കണ്ടന്റ് കൂടുതൽ ഇഷ്ടപ്പെടുന്നവയാണെങ്കിൽ അവയ്ക്ക് കൂടുതൽ പ്രാധാന്യം അങ്ങനെ ഒരു കൂട്ടം പരോക്ഷമായ കാര്യങ്ങളും ന്യൂസ് ഫീഡ് മെട്രിക്സിനായി ഫേസ്ബുക്ക് ഉപയോഗിക്കുന്നു. അതിനാൽ ഇതിനെക്കുറിച്ച് കാര്യമായി തലപുകച്ചിട്ട് യാതൊരു പ്രയോജനവുമില്ല. ചില അപ്ഡേറ്റുകൾ വരുമ്പോൾ ഉണ്ടാകുന്ന ബഗ്ഗുകൾ നിമിത്തം ചിലപ്പോൾ പലരുടേയും പോസ്റ്റുകൾ കാണാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. അത് ആ ബഗ്ഗുകൾ പരിഹരിക്കപ്പെടാത്തിടത്തോളം കാലം ഒരു ഫേസ് ബുക്ക് യൂസർ എന്ന നിലയിൽ എന്തൊക്കെ ചെയ്തിട്ടൂം യാതൊരു പ്രയോജനവും ഉണ്ടാകാനും പോകുന്നില്ല.   അതിനാൽ നമുക്ക് ഇഷ്ടമുള്ളവരുടെ പോസ്റ്റുകളും ഇഷ്ടമുള്ള വാർത്തകളും നഷ്ടമാകരുത് എന്ന് ആഗ്രഹമുണ്ടെങ്കിൽ അവരെ സീ ഫസ്റ്റ് ആയും ക്ലോസ് ഫ്രണ്ട് ആയുമൊക്കെ സെറ്റ് ചെയ്യുക. ഏത് തരത്തിലുള്ള പോസ്റ്റുകൾ ആണ്‌ താല്പര്യമെന്ന് പ്രൊഫൈൽ സെറ്റിംഗ്സിൽ വിവരങ്ങൾ നൽകുക.. സ്പാം ചെയ്യാതിരിക്കുക'.   Read on deshabhimani.com

Related News