ഇൗ ക്യാമറ ആളെ തിരിച്ചറിയും; വിവരങ്ങളും ചോർത്തും



കൊച്ചി > ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന വ്യക്തിയെ ക്യാമറ തിരിച്ചറിഞ്ഞാലോ. ആളെ തിരിച്ചറിയുമെന്നു മാത്രമല്ല, അവരുടെ വ്യക്തി വിവരങ്ങളടക്കം ചോർത്തിയെടുക്കുകയും  ചെയ്യും. ക്ലൗഡ് കമ്പനി സ്ഥാപകൻ രാഹുൽ ശശി കൊച്ചിയിൽ നടന്ന ‘കൊക്കൂണിൽ’ ഫേസ് ഡിറ്റക്ഷൻ ഹാക്കിങ് സംവിധാനം വിജയകരമായി അവതരിപ്പിച്ച‌് സദസ്സിനെ അമ്പരപ്പിച്ചു. കൊക്കൂൺ വേദിയുടെ പുറത്തെ ആൾക്കൂട്ടത്തിലെ വ്യക്തികളുടെയും അകത്ത് സദസ്സിലിരുന്ന് പരിപാടി ശ്രദ്ധിക്കുന്നവരുടെയലും വിവരങ്ങൾ ഡ്രോൺ ഉപയോഗിച്ച‌്  ചോർത്തിയെടുത്തത് രാഹുൽ ശശി സ്ക്രീനിൽ പ്രദർശിപ്പിച്ചത് ആശ്ചര്യത്തോടെയാണ് കാണികൾ വീക്ഷിച്ചത്. പറന്നുയരുന്ന ഡ്രോണിലെ ക്യാമറ ആൾക്കൂട്ടത്തിലെ ഓരോ വ്യക്തികളുടെയും മുഖം തിരിച്ചറിയുകയും അത് കംപ്യൂട്ടർ സ്ക്രീനിലൂടെ ഹാക്കറെ അറിയിക്കുകയും ചെയ്യും. വ്യക്തമായി തിരിച്ചറിഞ്ഞ മുഖങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടാകും. അതിന് മുകളിൽ ക്ലിക്ക് ചെയ്താൽ അയാളെക്കുറിച്ചുള്ള വിവരങ്ങളും റെഡി. വ്യക്തിയെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം ഇതിലൂടെ ശേഖരിക്കാൻ ഹാക്ക് ചെയ്യുന്നയാൾക്ക് കഴിയും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോരുത്തരുടെയും മുഖം തിരിച്ചറിയുകയും അവരുടെ സ്മാർട്ട് ഫോണിൽ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളിലൂടെ കടന്നുകയറി വിവരങ്ങൾ ശേഖരിക്കുകയുമാണ് ചെയ്യുന്നത്. നിർമിത ബുദ്ധി ഉപയോഗിക്കുന്ന ഡ്രോണുകളാണ‌് ഇതു നിർവഹിക്കുന്നത‌്. ഈ സാങ്കേതിക വിദ്യ പൊലീസിനു വലിയ ഉപകാരമാകുമെന്ന‌് അവതരണം കണ്ടശേഷം ഡിജിപി ലോക‌്നാഥ് ബെഹ്റ പറഞ്ഞു. രാഹുൽ ശശിക്ക് അദ്ദേഹം ഉപഹാരം നൽകി ആദരിക്കുകയും ചെയ‌്തു. Read on deshabhimani.com

Related News