ഗ്യാസ്‌ അടുപ്പിലെ തീ സിലിണ്ടറിലേക്ക് വ്യാപിക്കാത്തത് എന്തുകൊണ്ട്‌?



ഗ്യാസ്‌ അടുപ്പ് കത്തിക്കുമ്പോൾ എന്തുകൊണ്ടാണ് തീ ഗാസിലൂടെ പടർന്ന് ഗ്യാസ് സിലിണ്ടറിന്റെ ഉള്ളിലേക്ക് വ്യാപിക്കാത്തത്?   പാചക വാതകം അത്യധികം ശ്രദ്ധിച്ച് ഉപയോ​ഗിക്കേണ്ട ഇന്ധനമാണെന്ന ബോധ്യം ഇന്ന് എല്ലാവർക്കുമുണ്ട്. അടുക്കള അടയ്ക്കുന്നതിന് മുൻപ് ഒട്ടുമിക്ക എല്ലാവരും ​ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്തെന്ന് ഉറപ്പിക്കാറുമുണ്ട്. എന്നാലും ചില കുട്ടി ചോദ്യങ്ങൾ നമ്മളെ ഒട്ടൊന്ന് കുഴക്കും. അതിലൊന്നാണ് ​ഗ്യാസ് അടുപ്പ് കത്തിക്കുമ്പോൾ എന്താണ് തീ ​ഗ്യാസിലൂടെ പടർന്ന് പൈപ്പിലൂടെ സിലിണ്ടറിന്റെ അകത്തേക്ക് പോകാത്തത് എന്നതാണ്. ഒന്നാലോചിച്ചാൽ എല്ലാവർക്കും ഓർമ്മ വരുന്ന ഒരു ഉത്തരമാണ് അതിന് പുറകിലുള്ളത്.   നമ്മൾ പണ്ട് പഠിച്ചത് ഒന്നോർക്കാം. സ്വയം കത്തുന്ന വാതകം ഏതാണ്? ഹൈഡ്രജൻ. കത്താൻ സഹായിക്കുന്ന വാ​തകമോ? ഓക്സിജൻ. എന്ന് വച്ചാൽ നമുക്ക് എന്തെങ്കിലും കത്തിക്കണമെങ്കിൽ ഓക്സിജൻ വേണം. അത് തന്നെയാണ് ഇവിടെയും നടക്കുന്നത്. പാചക വാതകവും കത്തണമെങ്കിൽ ഒരു പ്രത്യേക അനുപാതത്തിൽ ഓക്സിജൻ ലഭ്യമാകണം. അത് നോസിലിലൂടെ പുറത്ത് വന്ന് പൈപ്പിലൂടെ ബർണറിലെത്തിയതിന് ശേഷം മാത്രമേ സംഭവിക്കുന്നുള്ളൂ.   ബർണറിലെത്തിയ വാതകം ശരിയായ അനുപാതത്തിൽ ഓക്സിജനുമായി ചേർന്ന് കത്തുന്നു. സൂക്ഷിച്ച് നോക്കിയാൽ ബർണറിനും തീയ്ക്കും ഇടയിൽ ഒരു വിടവ് കാണാം. അതായത് തീ ബർണറിനെ തൊട്ട് കത്തുന്നില്ല, അൽപ്പം വിട്ട് നിൽക്കുകയാണ്. ഇവിടെയാണ് ഈ കൂടിച്ചേരൽ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ തീ പൈപ്പിലൂടെ തിരിച്ചിറങ്ങി സിലിണ്ടറിലെത്തി പൊട്ടിത്തെറിയുണ്ടാവില്ല.    രണ്ട് മുതൽ 10 ശതമാനം വരെ ഓക്സിജനുമായി ചേരുമ്പോഴാണ് ​ഗ്യാസ് കത്തുന്നത്. അതായത് പാചക വാതകത്തിന്റെ കത്താനുള്ള കഴിവിന്റെ പരിധി എന്ന് പറയുന്നത് രണ്ട് ശതമാനം മുതൽ 10 ശതമാനം വരെ ഓക്സിജൻ അല്ലെങ്കിൽ വായുവുമായി ചേരുന്നതാണ്. കിട്ടിയിരിക്കുന്ന ഓക്സിജൻ രണ്ട് ശതമാനത്തിൽ കുറവോ 10 ശതമാനത്തിൽ കൂടുതലോ ആണെങ്കിൽ ​ഗ്യാസ് കത്തില്ല. അതുകൊണ്ടാണ് ​ഗ്യാസ് ലീക്കേജ് ഉണ്ടായാൽ വാതിലുകളും ജനലുകളുമെല്ലാം തുറന്നിടണമെന്ന് പറയുന്നത്. അങ്ങനെ വരുമ്പോൾ ​ഗ്യാസ് കൂടുതൽ വായുവുമായി സമ്പർക്കത്തിൽ വരികയും കത്താനുള്ള സാധ്യത കുറഞ്ഞ് ഇല്ലാതാവുകയും ചെയ്യുന്നു.   ഇനി പാചകവാതകത്തിന്റെ പൊട്ടിത്തെറി എങ്ങനെയുണ്ടാകുന്നു എന്ന് നോക്കാം... ​ഗ്യാസ് ലീക്കാവുകയോ, അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് വഴി അടുക്കളയിൽ പരക്കുകയോ ചെയ്താൽ ചെറിയ ഉരസൽ പോലും തീ പടരാൻ ഇടയാക്കും. അതായത് തീ കത്തിക്കണമെന്നില്ല സ്വിച്ച് ഇടുന്നത് പോലും തീ പടർത്താം. പാചക വാതകം കൂടിയ മർദത്തിൽ കംപ്രസ് ചെയ്ത് ദ്രാവകരൂപത്തിലാണ് സിലിണ്ടറിൽ നിറച്ചിരിക്കുന്നത്.    സാധാരണ വീടുകളിലെ അടുക്കള എന്ന ഇടം താരതമ്യേനെ ചെറുതായിരിക്കും. ഇവിടെ തീ പിടിക്കുമ്പോൾ ചുറ്റുമുള്ളവ നിന്ന് കത്തുകയും ചൂട് കൂടുകയും ചെയ്യും. ഇങ്ങനെ ​ചുറ്റുമുള്ള തീ മൂലം ഗ്യാസ് സിലിണ്ടർ ചൂടാവുകയും ഉള്ളിലുള്ള വാതകത്തിന്റെ മർദ്ദം പിന്നെയും കൂടുകയും ചെയ്യും.ഇതൊരു പരിധി കഴിയുമ്പോൾ സിലിണ്ടറിന്റെ പൊട്ടിത്തെറിക്കും കാരണമാകും. എന്നാൽ കുറേക്കൂടി വിസ്താരമുള്ള സ്ഥലമാണെങ്കിൽ പെട്ടെന്നൊന്നും താപനില വർധിക്കുകയോ മർദ്ദം കൂടി പൊട്ടിത്തെറി ഉണ്ടാവുകയോ ചെയ്യില്ല. അതുകൊണ്ടാണ് ​ഗ്യാസ് സിലിണ്ടറുകൾ അടുക്കളയുടെ പുറത്ത് സൂക്ഷിക്കണമെന്ന് പറയുന്നത്.   ഇനി, പല ആളുകളിലും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് സിലിണ്ടറിലെ എക്സ്പയറി ഡേറ്റ്. ശരിക്കും സിലിണ്ടറിന് അങ്ങനെയൊരു എക്സ്പയറി ഡേറ്റ് ഒന്നും ഇല്ല. ഓരോ സിലിണ്ടറും അ‍ഞ്ച് വർഷത്തിനിടെ നിർബന്ധമായും കടന്നുപോകേണ്ട ചില സുരക്ഷാപരീക്ഷകളുണ്ട്. അതിന്റെ അവസാന തിയതിയാണ് ഇത്തരത്തിൽ സൂചിപ്പിക്കുന്നത്. A B C D എന്നീ അക്ഷരങ്ങൾക്കൊപ്പം വർഷത്തെ സൂചിപ്പിച്ച് അവസാന അക്കങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ തിയതി.   ഇതിൽ A B C D എന്നത് വർഷത്തെ മൂന്ന് മാസങ്ങൾ വീതമുള്ള നാല് ഭാ​ഗങ്ങളായി തിരിക്കുകയാണ്. ഉദാഹരണത്തിന് അ എന്നത് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളെ സൂചിപ്പിക്കും. A 23 എന്നാണ് ​ഗ്യാസ് സിലിണ്ടറിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ 2023 ലെ ആ ​ഗ്രൂപ്പിലെ മാസങ്ങൾ(ഏപ്രിൽ, മെയ്, ജൂൺ)ക്കുള്ളിൽ കമ്പനി തിരിച്ച് വിളിച്ച് ഹൈഡ്രോളിക് പ്രഷർ ടെസ്റ്റ് അടക്കമുള്ള സുരക്ഷാപരീക്ഷകൾക്ക് വിധേയമാക്കണം.    വിവരങ്ങൾക്ക് കടപ്പാട്  അഭിലാഷ് ഡിസ്ട്രിക്ട് ഫയർ ഓഫീസർ, ആലപ്പുഴ   Read on deshabhimani.com

Related News