ഇടിക്കൂട്ടിൽ ഇന്ത്യക്ക്‌ സ്വർണത്തിളക്കം; സ്വർണം നേടി നിതുവും സ്വീറ്റിയും

നിതു ഗംഗാസ് /twitter.com/BFI_official


ന്യൂഡൽഹി> ലോക വനിതാ ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിതു ഗംഗാസും സ്വീറ്റി ബൂറയും സ്വർണം നേടി. നിതു 48 കിലോ വിഭാഗത്തിൽ മംഗോളിയയുടെ അൽടാൻറ്റ്‌സെറ്റ്‌സെഗ്‌ ലുസ്‌തായ്‌ഖാനെ നേരിട്ടുള്ള പോരിൽ (5–0) കീഴടക്കി. സ്വീറ്റി, 81 കിലോയിൽ ചൈനയുടെ ലിന വാങ്ങിനെ ഇടിച്ചിട്ടു (4–3). പരിചയസമ്പന്നയായ എതിരാളിക്കെതിരെ മികച്ച പ്രകടനമായിരുന്നു നിതുവിന്റേത്‌. ലുസ്‌തായ്‌ഖാൻ രണ്ടുതവണ ഏഷ്യൻ വെങ്കലം നേടിയിട്ടുണ്ട്‌. ആദ്യമായി ലോക ചാമ്പ്യൻഷിപ്പിന്‌ ഇറങ്ങിയതിന്റെ പരിഭ്രമമില്ലാതെയാണ്‌ നിതു പൊരുതിയത്‌. കരുത്തുറ്റ ഇടിയുമായി കളംനിറഞ്ഞു. ഹരിയാന ബീവാനി ജില്ലയിലെ ധനന ഗ്രാമത്തിൽനിന്നാണ്‌ ഇരുപത്തിരണ്ടുകാരിയുടെ വരവ്‌. കരുത്തയായ എതിരാളിക്കെതിരെ കരുതലോടെയായിരുന്നു സ്വീറ്റിയുടെ നീക്കങ്ങൾ. പ്രതിരോധിച്ചുകൊണ്ടുതന്നെ ലിനയെ കടന്നാക്രമിച്ചു. ഹരിയാനയിലെ ഹിസ്സാറിൽനിന്നാണ്‌ ഈ മുപ്പതുകാരി. 2014 ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയുണ്ടായിരുന്നു. ലോകചാമ്പ്യൻഷിപ്പിലാകെ ഇന്ത്യക്ക്‌ 41 മെഡലുകളായി. 12 സ്വർണമാണ്‌. ഞായറാഴ്ച നിഖാത്‌ സരീനും ലവ്‌ലിന ബൊർഗോഹെയ്‌നും സ്വർണപ്പോരിനിറിങ്ങുന്നുണ്ട്‌. നിഖാത് സരീന്‌ ഫൈനലിൽ വിയത്‌നാമിന്റെ എൻഗുയെൻ തി താമാണ്‌ എതിരാളി. 50 കിലോ വിഭാഗത്തിലാണ്‌ മത്സരം. 75 കിലോയിൽ ലവ്‌ലിന ഓസ്‌ട്രേലിയയുടെ കയ്‌റ്റ്‌ലിൻ പാർക്കെറുമായി ഏറ്റുമുട്ടും.   Read on deshabhimani.com

Related News