വനിതാ ലീഗ്‌ തുടർച്ചയായി മൂന്നാംതവണയും ഗോകുലം കേരള എഫ്‌സിക്ക്‌



അഹമ്മദാബാദ്‌ > വനിതാ ലീഗ്‌ ഫുട്‌ബോളിൽഗോകുലം കേരള എഫ്‌സിക്ക്‌ എതിരാളിയില്ല. തുടർച്ചയായി മൂന്നാംതവണയും ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗ്‌ കിരീടം. ഫൈനലിൽ കർണാടക കിക്ക്‌ സ്‌റ്റാർട്ട്‌ എഫ്‌സിയെ അഞ്ച്‌ ഗോളിന്‌ തകർത്തു. കലാശപ്പോരിൽ ഗോകുലത്തിന്റെ സമഗ്രാധിപത്യത്തിനുമുന്നിൽ എതിരാളിക്ക്‌ പിടിച്ചുനിൽക്കാനായില്ല. സന്ധ്യ രംഗനാഥൻ രണ്ട്‌ ഗോളടിച്ചു. ടൂർണമെന്റിലെ ടോപ്‌ സ്‌കോററായ സബിത്ര ഭണ്ഡാരി, ഇന്ദുമതി കതിരേശൻ, റോജാദേവി എന്നിവർ പട്ടിക പൂർത്തിയാക്കി. 10 കളിയും തോൽക്കാതെയാണ്‌ വിജയനേട്ടം. ഒമ്പതും ജയിച്ചപ്പോൾ ഒന്ന്‌ സമനിലയായി. അടിച്ചുകൂട്ടിയത്‌ 64 ഗോൾ. അതിൽ 29 എണ്ണം നേപ്പാൾ ദേശീയതാരം സബിത്രയുടെ ബൂട്ടിൽനിന്നായിരുന്നു. ഒമ്പതുവീതം സന്ധ്യ രംഗനാഥനും ഇന്ദുമതിയും നേടി. മഹാരാഷ്‌ട്ര സ്വദേശിയായ ആന്തണി സാംസൺ ആൻഡ്രൂസാണ്‌ തുടർവിജയം നേടിയ പരിശീലകൻ. കഴിഞ്ഞ സീസണിൽ സേതു എഫ്‌സിയെ തോൽപ്പിച്ചാണ്‌ കിരീടം നേടിയത്‌. 2020–-21 സീസണിൽ കോവിഡ്‌ കാരണം ടൂർണമെന്റുണ്ടായില്ല. 2019–-20 സീസണിലും ജേതാക്കളായി. Read on deshabhimani.com

Related News