ലോക വനിതാ ബോക്‌സിങ്‌ ചാമ്പ്യൻഷിപ്‌ : നിഖാത്‌, നിതു, മനീഷ ക്വാർട്ടറിൽ

തുർക്കിയുടെ നുർ എലിഫ്‌ തുർഹാനെ ഇടിച്ചിടുന്ന ഇന്ത്യയുടെ മനീഷ (ഇടത്ത്) image credit bfi twitter


ന്യൂഡൽഹി വനിതാ ലോക ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക്‌ മുന്നേറ്റം. നിഖാത് സറീൻ, നിതു ഗംഗാസ്‌, മനീഷ മൗൺ എന്നിവർ ക്വാർട്ടറിലേക്ക്‌ മുന്നേറി. അമ്പത്‌ കിലോ വിഭാഗത്തിൽ നിലവിലെ ചാമ്പ്യനായ നിഖാത്‌ പ്രീ ക്വാർട്ടറിൽ മെക്‌സിക്കോയുടെ പട്രീസിയ അൽവാരെസ്‌ ഹെരേരയെ 5–-0ന്‌ തകർത്തു. ക്വാർട്ടറിൽ ബ്രസീലിന്റെ ഡി അൽമെയ്‌ഡ കരോളിനാണ്‌ നിഖാത്തിന്റെ എതിരാളി. നാൽപ്പത്തെട്ട്‌ കിലോയിൽ നിതു തകർപ്പൻ പ്രകടനം പുറത്തെടുത്തു. താജിക്കിസ്ഥാന്റെ സുമിയ ക്വോസിമോവയെ തകർത്തുകളഞ്ഞു. തുടർച്ചയായ നാല്‌ പഞ്ചിൽ എതിരാളിയെ നിലംപരിശാക്കിയതോടെ റഫറി നിതുവിനെ വിജയിയായി പ്രഖ്യാപിച്ചു. കോമൺവെൽത്ത്‌ ഗെയിംസ്‌ ചാമ്പ്യനാണ്‌ നിതു. അമ്പത്തേഴ്‌ കിലോയിൽ മനീഷയും തിളങ്ങി. തുർക്കിയുടെ നുർ എലിഫ്‌ തുർഹാനെ തോൽപ്പിച്ച്‌ ക്വാർട്ടറിലെത്തി. അതേസമയം 63 കിലോയിൽ ഷാഷി ചോപ്ര ജപ്പാന്റെ മായ്‌ കിയോയോട്‌ തോറ്റ്‌ പുറത്തായി. ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ലവ്ലിന ബൊർഗോഹെയ്ൻ 75 കിലോയിൽ  ക്വാർട്ടറിലെത്തി. പ്രീ ക്വാർട്ടറിൽ മെക്സിക്കോയുടെ വെനേസ ഓർട്ടിസിനെ തോൽപ്പിച്ചു. 52 കിലോയിൽ സാക്ഷി ചൗധരിയും മുന്നേറി. കസാക്കിസ്ഥാന്റെ സറിയ ഉറക്ബയേവയെയാണ് തോൽപ്പിച്ചത്. 60 കിലോയിൽ ജയ്സ്മിൻ ലംബോറിയയും മുന്നേറി.  Read on deshabhimani.com

Related News