വനിതാ പ്രീമിയർ ലീഗ്‌ : മുംബൈ 
വെടിക്കെട്ട്‌

image credit Women's Premier League twitter


മുംബൈ വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റിന്റെ വരവറിയിച്ച്‌ മുംബൈ ഇന്ത്യൻസിന്റെ വെടിക്കെട്ട്‌. ഗുജറാത്ത്‌ ജയന്റ്‌സിനെതിരായ ഉദ്‌ഘാടന മത്സരത്തിൽ ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 207 റണ്ണെടുത്തു. ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗർ 30 പന്തിൽ 65 റണ്ണെടുത്ത്‌ തിളങ്ങി. ഇന്ത്യൻ ക്യാപ്‌റ്റനായ ഹർമൻ 14 ഫോറടിച്ചു. ന്യൂസിലൻഡ്‌ ഓൾറൗണ്ടർ അമെലിയ കെർ 24 പന്തിൽ 45 റണ്ണുമായി പിന്തുണ നൽകി. ആറ്‌ ഫോറും ഒരു സിക്‌സറുമടിച്ച കെർ പുറത്തായില്ല. വിൻഡീസ്‌ താരമായ ഓപ്പണർ ഹെയ്‌ലി മാത്യൂസ്‌ 31 പന്തിൽ 47 റൺ നേടി. മൂന്ന്‌ ഫോറും നാല്‌ സിക്‌സറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്‌. നാറ്റ്‌ സ്‌കീവർ 23 റണ്ണെടുത്തു. ഓപ്പണർ യസ്‌തിക ഭാട്യയും (1) പൂജ വസ്‌ത്രാക്കറും (15) തിളങ്ങിയില്ല. ഗുജറാത്ത്‌ ക്യാപ്‌റ്റൻ ബെത്ത്‌ മൂണി ഏഴ്‌ ബൗളർമാരെ പരീക്ഷിച്ചെങ്കിലും മുംബൈയുടെ റണ്ണൊഴുക്ക്‌ തടയാനായില്ല. സ്‌നേഹ്‌ റാണയ്ക്ക്‌ രണ്ട്‌ വിക്കറ്റുണ്ട്‌. ആഷ്‌ലി ഗാർഡ്‌നർ, തനൂജ കൻവർ, ജോർജിയ വെയർഹാം എന്നിവർ ഓരോ വിക്കറ്റ്‌ നേടി. ഇന്ന്‌ രണ്ട്‌ മത്സരമുണ്ട്‌. വൈകിട്ട്‌ 3.30ന്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാത്രി 7.30ന്‌ യുപി വാരിയേഴ്‌സ്‌, ഗുജറാത്ത്‌ ജയന്റ്‌സുമായി ഏറ്റുമുട്ടും. Read on deshabhimani.com

Related News