ഇടറി, ഒടുവിൽ മടക്കം



മുംബെെ > രണ്ടുമാസംമുമ്പുവരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കപ്പിത്താനായിരുന്നു വിരാട് കോഹ്ലി. ട്വന്റി–20യിലും ഏകദിനത്തിലും ടെസ്റ്റിലും മറ്റൊരു ക്യാപ്റ്റനെ സങ്കൽപ്പിക്കാനുണ്ടായിരുന്നില്ല. എന്നാൽ, അപ്രതീക്ഷിതമായിരുന്നു കാര്യങ്ങൾ. ആദ്യം ട്വന്റി–20, പിന്നെ ഏകദിനം ഒടുവിൽ ടെസ്റ്റും. കിരീടങ്ങൾ ഓരോന്നായി ഉപേക്ഷിക്കുകയായിരുന്നു ഈ മുപ്പത്തിമൂന്നുകാരൻ. അതിൽ ഏറ്റവും ഞെട്ടിച്ചത് ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞതാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം ക്യാപ്റ്റനാണ് കോഹ്-ലി. കളിക്കാരനായും ക്യാപ്റ്റനായും നിറഞ്ഞാടിയ ഏഴുവർഷങ്ങൾ. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര തോൽവിക്കുപിന്നാലെയാണ് തീരുമാനമെങ്കിലും കോഹ്-ലിയും ബിസിസിഐയും തമ്മിലുള്ള അഭിപ്രായഭിന്നതയുടെ ബാക്കിപത്രമാണ് ഈ രാജിയും. ട്വന്റി–20 ലോകകപ്പിനുശേഷം സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയ അസ്വാരസ്യങ്ങൾ പുകഞ്ഞുതീർന്നിട്ടില്ല. ഡിസംബറിൽ ഏകദിന ക്യാപ്റ്റൻസ്ഥാനത്തുനിന്ന് പുറത്താക്കിയത് കോഹ്-ലിയെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ബിസിസിഐ തലവൻ സൗരവ് ഗാംഗുലി കോഹ്-ലിയെ തള്ളി രംഗത്തുവന്നു. ഇതിനെതിരെ കോഹ്-ലി പ്രതികരിച്ചു. ഏകദിന ക്യാപ്റ്റൻസ്ഥാനത്തുനിന്ന് ഒഴിവാക്കുന്ന കാര്യം ടീം പ്രഖ്യാപനത്തിന് ഒന്നരമണിക്കൂർ മുമ്പുമാത്രം അറിയിച്ചതിലും കോഹ്-ലി ദുഃഖിതനായിരുന്നു. ടീം സെലക്ടർ ചേതൻ ശർമയും പ്രതികൂലമായി സംസാരിച്ചതോടെ ക്യാപ്റ്റൻ ഒറ്റപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം. മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കും മുൻ പരിശീലകൻ രവി ശാസ്ത്രിക്കും പ്രത്യേകം നന്ദി അറിയിച്ചാണ് വിരമിക്കൽക്കുറിപ്പ് അവസാനിപ്പിച്ചത്. വിദേശമണ്ണിൽ ഇന്ത്യൻ ടീമിനെ കരുത്തരാക്കിയ ക്യാപ്റ്റൻ. ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ പരമ്പരനേട്ടം നൽകി. ഇംഗ്ലണ്ടിൽ 2–1ന് മുന്നിൽ നിൽക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ ഒരു ടെസ്റ്റ് ബാക്കിനിൽക്കുന്നു. ഒന്നാംറാങ്ക് ടീമാണ്. ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫെെനൽവരെ എത്തിച്ചു. ആകെ 68 മത്സരങ്ങളിൽ 40ലും ജയം. 17 തോൽവി, 11 സമനില. ടെസ്റ്റ് ജയങ്ങളുടെ ആകെ പട്ടികയിൽ നാലാംസ്ഥാനം. ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്, സ്റ്റീവ് വോ എന്നിവർക്കുമാത്രം പിന്നിൽ. ഇന്ത്യൻ ക്യാപ്റ്റൻമാരിൽ രണ്ടാംസ്ഥാനം ധോണിക്കാണ്. 60 കളിയിൽ 27ലാണ് ധോണിയുടെ ജയം. ഗാംഗുലിക്ക് 49ൽ 21ഉം. മഹേന്ദ്ര സിങ് ധോണി 2014ലെ ഓസ്ട്രേലിയയുമായുള്ള പരമ്പരയ്ക്കിടെ വിരമിച്ചതിനെ തുടർന്നാണ് കോഹ്-ലി ക്യാപ്റ്റനാകുന്നത്. 2015ൽ പൂർണമായും ഏറ്റെടുത്തു. ക്യാപ്റ്റൻ കുപ്പായത്തിൽ 113 മത്സരങ്ങളിൽനിന്ന് നേടിയത് 5864 റൺ. 20 സെഞ്ചുറിയും ഉൾപ്പെടും. ആക്രമണോത്സുകതയായിരുന്നു മുഖമുദ്ര. സഹകളിക്കാരെ പ്രചോദിപ്പിച്ചു. 100–ാംടെസ്റ്റാണ് കോഹ്-ലിയുടെ മുന്നിൽ. ഫെബ്രുവരിയിൽ ശ്രീലങ്കയ്ക്കെതിരെയാണ് അടുത്ത പരമ്പര. ഏകദിന, ട്വന്റി–20 ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കാണ് സാധ്യത. Read on deshabhimani.com

Related News