ബൽജിയം തുലച്ചു ; തൊണ്ണൂറാം മിനിറ്റിലെ ഗോളിൽ ഫ്രാൻസ്‌ ഫൈനലിൽ



ടൂറിൻ കിരീടത്തിനായി ബൽജിയം ഇനിയും കാത്തിരിക്കണം. യുവേഫ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോൾ സെമിയിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസിനോട്‌ തോറ്റു (3–2). ഒന്നാംപകുതിയിൽ രണ്ടുഗോളിന്‌ മുന്നിട്ടുനിന്നശേഷമാണ് ബൽജിയത്തിന്റെ സുവർണനിര കീഴടങ്ങിയത്‌. ആവേശകരമായ കളിയുടെ 90–-ാംമിനിറ്റിൽ പ്രതിരോധക്കാരൻ തിയോ ഹെർണാണ്ടസ്‌ ഫ്രാൻസിന്റെ വിജയഗോൾ കുറിച്ചു. ഫൈനലിൽ നാളെ രാത്രി സ്‌പെയ്‌നാണ്‌ എതിരാളി. യാനിക്‌ കറാസ്‌കോ, റൊമേലു ലുക്കാക്കു എന്നിവരിലൂടെയാണ്‌ ബൽജിയം ആദ്യപാതി കളി പിടിച്ചത്‌. കരീം ബെൻസെമ, കിലിയൻ എംബാപ്പെ എന്നിവരിലൂടെ ഫ്രാൻസ് മറുപടി നൽകി. കളി അധികസമയത്തേക്ക് നീങ്ങവേയാണ് ഹെർണാണ്ടസിന്റെ ഗോൾ പിറന്നത്. ലോകറാങ്കിങ്ങിൽ മൂന്ന് വർഷമായി ഒന്നാമതാണ് ബൽജിയം. എന്നാൽ പ്രധാന ടൂർണമെന്റുകളിൽ കിരീടത്തിനരികെ വീഴുന്നത് പതിവാക്കി. 2018 ലോകകപ്പിൽ മൂന്നാംസ്ഥാനമായിരുന്നു. അന്നും സെമിയിൽ തോറ്റത് ഫ്രാൻസിനോട്. യൂറോയിൽ  ക്വാർട്ടറിൽ ഇറ്റലിയോട് തോറ്റുമടങ്ങി. ലുക്കാക്കു, ഏദെൻ ഹസാർഡ്, കെവിൻ ഡി ബ്രയ്ൻ എന്നിവരടങ്ങുന്ന സംഘം ബൽജിയത്തിന്റെ എക്കാലത്തെയും മികച്ചനിരയായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഈ സുവർണനിരയ്ക്കും ലോകഫുട്ബോളിലെ കന്നിക്കിരീടം ബൽജിയത്തിന് സമ്മാനിക്കാൻ കഴിയാതെപോകുകയാണ്. ഇനി മുന്നിലുള്ളത് അടുത്തവർഷത്തെ ഖത്തർ ലോകകപ്പാണ്. ഫ്രാൻസിനെതിരെ ബൽജിയത്തിന്റേതായിരുന്നു ഒന്നാംപകുതി. ഡി ബ്രയ്നായിരുന്നു കളി മെനഞ്ഞത്. നാല് മിനിറ്റിനിടെയാണ്‌ രണ്ടുഗോളും വന്നത്. കറാസ്--കോയും ലുക്കാക്കുവും ഡി ബ്രയ്ൻ ഒരുക്കിയ പന്തിൽ ബൽജിയത്തിന് ഉശിരൻ തുടക്കംനൽകി. പക്ഷേ, ഇടവേള കഴിഞ്ഞ് ഫ്രഞ്ചുപട തിരിച്ചുവന്നു. 62–ാംമിനിറ്റിൽ എംബാപ്പെയുടെ പാസ് സ്വീകരിച്ച് ബെൻസെമ മനോഹരമായി ലക്ഷ്യത്തിലെത്തിച്ചു. ടിയെലെമാൻസ്‌ ഗ്രീസ്മാനെ വീഴ്ത്തിയതിന് കിട്ടിയ പെനൽറ്റിയിൽ എംബാപ്പെ സമനില നേടി. ഇതിനുപിന്നാലെ ലുക്കാക്കു ബൽജിയത്തിനെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും ഓഫ്സെെഡായി. അധികസമയത്തിനായി ഇരുടീമുകളും ഒരുങ്ങവേയാണ് ഹെർണാണ്ടസ് ഫ്രഞ്ചുകാരുടെ നായകനായത്. Read on deshabhimani.com

Related News