യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ : ബൽജിയമോ ഫ്രാൻസോ



ടൂറിൻ ലോക ഫുട്ബോളിലൊരു കിരീടത്തിനായി വീണ്ടും ബൽജിയമെത്തുന്നു. യുവേഫ നേഷൻസ് ലീഗ് സെമിയിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനോട് ഏറ്റുമുട്ടും. സുവർണനിരയുമായി ലോകകപ്പിലും യൂറോയിലുമെല്ലാം അണിനിരന്നിട്ടും ലോക ഒന്നാംറാങ്കുകാരായ ബൽജിയത്തിന് ഇതുവരെ ഒരു കിരീടം തൊടാനായിട്ടില്ല. 1920 ഒളിമ്പിക്സിൽ മെഡൽ നേടിയശേഷം ഒറ്റ കിരീടവുമില്ല. 2018 ലോകകപ്പ് സെമിയിൽ ഫ്രാൻസിനോട് ഒറ്റ ഗോളിന് വീണതിന്റെ ഓർമകളുമായാണ് റോബർട്ടോ മാർടിനെസിനുകീഴിൽ ബൽജിയമെത്തുന്നത്. മികച്ചനിരയെയാണ്‌ ടൂറിനിലെ യുവന്റസ് മെെതാനത്ത് അണിനിരത്തുക. റൊമേലു ലുക്കാക്കു–കെവിൻ ഡി ബ്രയ്ൻ–ഏദെൻ ഹസാർഡ് ത്രയത്തിലാണ് പ്രതീക്ഷ. യൂറോയിൽ സ്വിറ്റ്സർലൻഡിനോട് പ്രീ ക്വാർട്ടറിൽ ഷൂട്ടൗട്ടിൽ വീണതിന്റെ നിരാശ ഫ്രാൻസുകാർക്ക് മാറിയിട്ടില്ല. ബൽജിയത്തിനെതിരെ വിശ്വസ്തനായ എൻഗോളോ കാന്റെയുടെ അഭാവം തളർത്തും. കോവിഡ് ബാധിതനായി നിരീക്ഷണത്തിലാണ് മധ്യനിരക്കാരൻ.  പോൾ പോഗ്ബയ്ക്ക് ആരു കൂട്ടാകുമെന്നത് ഫ്രഞ്ച് പരിശീലകൻ ദിദിയെർ ദെഷാംപ്സിന് തലവേദനയാകും. യൂറോയിലെ മോശം പ്രകടനത്തെ തുടർന്ന് ദേശീയ ടീമിൽനിന്ന് ഇടവേള വേണമെന്ന്‌ ആവശ്യപ്പെട്ട കിലിയൻ എംബാപ്പെ ഫ്രഞ്ച് നിരയിലുണ്ട്. ഇരുപത്തിരണ്ടുകാരൻ ഇന്ന് കളിക്കുമെന്നാണ് സൂചന. ഒൺടോയ്ൻ ഗ്രീസ്മാനും കരീം ബെൻസെമയും മുന്നേറ്റം നയിക്കും. Read on deshabhimani.com

Related News