അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പ്‌ ; അർജന്റീന പുറത്ത്‌ 
ബ്രസീൽ മുന്നോട്ട്‌

image credit FIFA World Cup twitter


ബ്യൂണസ്‌ ഐറിസ്‌ അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പിൽ ആതിഥേയരായ അർജന്റീന പുറത്ത്‌. പ്രീ ക്വാർട്ടറിൽ നൈജീരിയയോട്‌ രണ്ട്‌ ഗോളിന്‌ തോറ്റു. ബ്രസീൽ ടുണീഷ്യയെ 4–-1ന്‌ തകർത്ത്‌ ക്വാർട്ടറിൽ കയറി. ഇംഗ്ലണ്ടിനെ 2–-1ന്‌ തോൽപ്പിച്ച്‌ ഇറ്റലിയും സ്ലൊവാക്യയെ 5–-0ന്‌ തകർത്ത്‌ കൊളംബിയയും മുന്നേറി. മുൻ ചാമ്പ്യൻമാരായ അർജന്റീനയുടെ തോൽവി അപ്രതീക്ഷിതമായിരുന്നു. ഗ്രൂപ്പുഘട്ടത്തിൽ മൂന്ന്‌ കളിയും ജയിച്ച്‌ ആധികാരികമായാണ്‌ അർജന്റീന അവസാന പതിനാറിൽ എത്തിയത്‌. നൈജീരിയ മികച്ച മൂന്നാംസ്ഥാനക്കാരായുമെത്തി. മുൻ അർജന്റീന താരം ഹാവിയർ മഷെറാനോ പരിശീലിപ്പിക്കുന്ന യുവനിരയ്‌ക്ക്‌ നൈജീരിയക്കെതിരെ പിടിച്ചുനിൽക്കാനായില്ല. അവസരങ്ങൾ കിട്ടിയിട്ടും മുതലാക്കാനായില്ല. രണ്ടാംപകുതിയിൽ ഇബ്രാഹിം മുഹമ്മദ്‌, റിൽവാനു സർക്കി എന്നിവർ നൈജീരിയക്കായി ഗോളടിച്ചു. ടുണീഷ്യക്കെതിരെ ബ്രസീലിനുവേണ്ടി ആൻഡ്രേ സാന്റോസ്‌ ഇരട്ടഗോളടിച്ചു. മാർകോസ്‌ ലിയാനാർഡോ, മത്തിയൂസ്‌ മാർട്ടിനെസ്‌ എന്നിവരും ലക്ഷ്യം കണ്ടു. ഗ്രൂപ്പുഘട്ടത്തിൽ ഇറ്റലിയോട്‌ തോറ്റ ബ്രസീൽ നൈജീരിയയെ തോൽപ്പിച്ചാണ്‌ പ്രീ ക്വാർട്ടറിലേക്ക്‌ യോഗ്യത നേടിയത്‌. നാളെ നടക്കുന്ന ക്വാർട്ടറിൽ ഇസ്രയേലാണ്‌ ബ്രസീലിന്റെ എതിരാളി. ഇംഗ്ലണ്ടിനെതിരെ സെസാറെ സസാദെയാണ്‌ ഇറ്റലിക്കായി വിജയഗോൾ നേടിയത്‌. ടൊമ്മാസോ ബൾഡാൻസിയിലൂടെ തുടക്കത്തിൽ ലീഡ്‌ നേടിയ ഇറ്റലിക്കെതിരെ ആൽഫി ഡിവൈനിന്റെ ഗോളിൽ ഇംഗ്ലണ്ട്‌ ഒപ്പമെത്തുകയായിരുന്നു. അവസാനഘട്ടത്തിലാണ്‌ ബൾഡാൻസി ജയമുറപ്പാക്കിയത്‌. നാളെ കൊളംബിയയുമായാണ്‌ ഇറ്റലിയുടെ ക്വാർട്ടർ. Read on deshabhimani.com

Related News