അണ്ടർ - 19 വനിതാ ക്രിക്കറ്റിന്‌ കേരള ടീം ഒരുങ്ങി; കൃഷ്‌ണഗിരി പരിശീലനക്കളരി

അണ്ടർ–-19 ഗേൾസ്‌‌ ക്രിക്കറ്റിനായുള്ള കേരള ടീം പരിശീലകർക്കും ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി നാസർ മച്ചാനുമൊപ്പം


കൽപ്പറ്റ > അന്തർ സംസ്ഥാന അണ്ടർ–-19 ഗേൾസ്‌‌  ക്രിക്കറ്റ്‌ ടൂർണമെന്റിനായി കേരള ടീം സജ്ജം. കൃഷ്‌ണഗിരി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിലെ പരിശീലനം പൂർത്തിയാക്കി ടീമംഗങ്ങൾ തിങ്കളാഴ്‌ച മത്സരത്തിനായി ആന്ധ്രയിലേക്ക്‌ തിരിച്ചു.  28ന്‌ വിശാഖപട്ടണത്താണ്‌ മത്സരം.   കോവിഡ്‌ മഹാമാരിയോടും ‌ കർശനമായ നിയന്ത്രണങ്ങളോടും പൊരുതി കൃഷ്‌ണഗിരി വനിതാ ക്രിക്കറ്റ്‌ അക്കാദമിയിലെ രണ്ടാഴ്‌ചത്തെ കഠിന പരിശീലനത്തിന്‌ ശേഷമാണ്‌ ടീം മത്സരത്തിനായി വിശാഖപട്ടണത്ത്‌ ഇറങ്ങുന്നത്‌. കൽപ്പറ്റ എമിലി സ്വദേശിനി വി ജെ ജോഷിത, പനമരത്തെ ശ്രേയ റോയി, മാനന്തവാടി എള്ളുമന്ദം സ്വദേശികളായ എം പി അലീന, അലീന ഷിബു, മാനന്തവാടി പിലാക്കാവ്‌ സ്വദേശി നിത്യ ലൂർദ്‌ എന്നീ വയനാട്ടുകാർ ഉൾപ്പെടെ 20 പേരാണ്‌ കേരള ടീമിലുള്ളത്‌.  മുഖ്യപരിശീലകൻ എം രാജഗോപാലിന്റെയും ഉപ പരിശീലകൻ ജസ്‌റ്റിൻ ഫെണാണ്ടാസിന്റെയും കീഴിൽ ശാരീരീകക്ഷമത വർധിപ്പിക്കുന്നതിനൊപ്പം ബൗളിങ്‌, ബാറ്റിങ്‌, ഫീൽഡിങ് എന്നിവയിലെല്ലാം മികവ്‌ പുലർത്താനുള്ള പരിശീലനമാണ് നടന്നത്‌.   കോവിഡ്‌ മഹാമാരി കളിക്കളങ്ങളും  കീഴടക്കിയതോടെ അന്താരാഷ്‌ട്ര മത്സരങ്ങൾക്കടക്കം വേദിയായ  കൃഷ്‌ണഗിരിയുടെ മടിത്തട്ടിലും കളിയാരവങ്ങൾക്ക്‌ മഞ്ഞ്‌ വീണിരുന്നു. കോവിഡ്‌ ഒന്നാം വരവിന്റെ തീക്ഷ്‌ണത കുറഞ്ഞതോടെ ‌ ഈ വർഷമാദ്യം വിജയ്‌ ഹസാര ട്രോഫിക്കുള്ള ക്യാമ്പ്‌ നടന്നതൊഴിച്ചാൽ മറ്റ്‌ മത്സരങ്ങളൊന്നും നടന്നിട്ടില്ല. കേരള വനിതാ സീനിയർ ടീമിന്റെ ക്യാമ്പും ഈ ആഴ്‌ച കൃഷ്‌ണഗിരിയിൽ സജീവമാവും. Read on deshabhimani.com

Related News