ട്വന്റി 20 ലോകകപ്പ്‌ : ലങ്ക വിരണ്ടു, ഓസീസ് കുതിച്ചു

photo credit T20 World Cup / twitter


ദുബായ്‌ ട്വന്റി–-20 ലോകകപ്പ്‌ ക്രിക്കറ്റിൽ ഓസ്ട്രേലിയ മുന്നോട്ട്. ശ്രീലങ്കയെ ഏഴ് വിക്കറ്റിന്  തുരത്തി ഓസ്ട്രേലിയ രണ്ടാംജയം കുറിച്ചു. ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ടിനൊപ്പം പോയിന്റ് പട്ടികയിൽ ഒപ്പമെത്തി. ശ്രീലങ്ക 155 റണ്ണാണ് ഓസ്‌ട്രേലിയക്ക്‌ മുന്നിൽവച്ചത്. ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത ഓവറിൽ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 154 റണ്ണെടുത്തു. മറുപടിക്കെത്തിയ ഓസീസ് ഓപ്പണർമാരായ ഡേവിഡ് വാർണറുടെയും (42 പന്തിൽ 65) ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും (23 പന്തിൽ 37) ബാറ്റിങ് മികവിൽ അനായാസജയം നേടി. സ്റ്റീവൻ സ്മിത്ത് 26 പന്തിൽ 28 റണ്ണുമായി പുറത്താകാതെനിന്നു. ലങ്കയ്ക്കായി വണീന്ദു ഹസരങ്ക രണ്ട് വിക്കറ്റെടുത്തു. വാർണർ ഏറെക്കാലത്തിനുശേഷമാണ് ഫേ-ാം വീണ്ടെടുക്കുന്നത്. ഒരു തവണ വിക്കറ്റ് കീപ്പർ കുശാൽ പെരേര ക്യാച്ച് വിട്ടുകളഞ്ഞിരുന്നു. അവസരം മുതലാക്കിയ വാർണർ പിന്നെ തകർത്തുകളിച്ചു. പത്ത് ഫോർ ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. കുശാൽ പെരേരയും (25 പന്തിൽ 35) ചാരിത്‌ അസലങ്കയുമാണ്‌ (27 പന്തിൽ 35) ലങ്കയുടെ ടോപ്‌സ്‌കോറർമാർ. ഓസീസിനായി ആദം സാമ്പ, മിച്ചെൽ സ്റ്റാർക്‌, പാറ്റ്‌ കമ്മിൻസ്‌ എന്നിവർ രണ്ടുവീതം വിക്കറ്റ്‌ നേടി. ആദ്യകളി ജയിച്ചാണ്‌ ഇരുടീമുകളും എത്തിയത്‌. ഗ്രൂപ്പ്‌ ഒന്നിൽനിന്ന്‌ സെമി സജീവമാക്കാൻ ജയം അനിവാര്യമായിരുന്നു ലങ്കയ്‌ക്കും ഓസീസിനും. നാണയഭാഗ്യം ലഭിച്ച ഓസീസ്‌ നായകൻ ആരോൺ ഫിഞ്ച്‌ ബൗളിങ്‌ തെരഞ്ഞെടുത്തു. ഓപ്പണർ പാതും നിസങ്കയെ (7) തുടക്കത്തിലേ നഷ്ടമായെങ്കിലും ലങ്ക ചെറുത്തുനിന്നു. കുശാൽ–-അസലങ്ക കൂട്ടുകെട്ട്‌ അവരെ നയിച്ചു. രണ്ടാംവിക്കറ്റിൽ 63 റൺ നേടി ഇരുവരും. നാലുവീതം ഫോറും ഒരു സിക്‌സറും പായിച്ചു ഇരുവരും. 10–-ാംഓവറിൽ സാമ്പയാണ്‌ ഈ മുന്നേറ്റം തകർത്തത്‌. അസലങ്കയെ സ്‌റ്റീവ്‌ സ്‌മിത്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ കുശാലിനെ ബൗൾഡാക്കി സ്റ്റാർക്‌ കളി ഓസീസിന്‌ അനുകൂലമാക്കി. അവിഷ്‌ക ഫെർണാണ്ടോയും വണീന്ദു ഹസരങ്കയും നാല്‌ റണ്ണടിച്ച്‌ മടങ്ങി. 26 പന്തിൽ 33 റണ്ണുമായി പുറത്താകാതെ നിന്ന ഭാനുക രജപക്‌സെയാണ്‌  150 കടത്തിയത്‌. ഓസീസ് അടുത്ത കളിയിൽ ശനിയാഴ്ച ഇംഗ്ലണ്ടിനെതിരെ ഇറങ്ങും. ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടും.   Read on deshabhimani.com

Related News