ട്വന്റി 20 ലോകകപ്പ് ; ബുമ്രയില്ല, 
ഇന്ത്യക്ക് തിരിച്ചടി ; ദീപക് ചഹാർ പകരക്കാരനായേക്കും



മുംബെെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടികളുടെ കാലം. ട്വന്റി–20 ലോകകപ്പ് പടിവാതിലിൽ എത്തിനിൽക്കെ പേസ് നിരയുടെ നായകൻ ജസ്‌പ്രീത് ബുമ്രയും മടങ്ങി. പരിക്ക് വീണ്ടുമെത്തിയ ബുമ്രയ്ക്ക് ലോകകപ്പിൽ കളിക്കാനാകില്ലെന്നാണ് ബിസിസിഐ നൽകുന്ന വിവരം. പരിക്കുകാരണം ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിൽനിന്ന് പുറത്തായിരുന്നു. പുറംവേദനയാണ് ബുമ്രയെ തളർത്തിയത്. പരിക്കുകാരണം വിശ്രമത്തിലായിരുന്ന ഇരുപത്തെട്ടുകാരൻ ഓസ്ട്രേലിയയുമായുള്ള ട്വന്റി–20 പരമ്പരയിലാണ് തിരിച്ചെത്തിയത്. രണ്ട് മത്സരം കളിക്കുകയും ചെയ്തു. എന്നാൽ, തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യമത്സരത്തിന് മണിക്കൂറുകൾക്കുമുമ്പ് ബുമ്രയെ വീണ്ടും പരിക്ക് വീഴ്ത്തി. പുറംവേദന തിരിച്ചെത്തിയതോടെ ടീമിന് പുറത്തായി. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശോധനയ്ക്കുശേഷമേ പരിക്കിന്റെ തീവ്രത വ്യക്തമാകുകയുള്ളൂ. ഏതായാലും ആറുമാസം വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയുമായുള്ള ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് ബുമ്രയെ ഒഴിവാക്കിയിരുന്നു. പരമ്പരയിൽ ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ഇന്ത്യൻ ടീമിൽ ഇടംപിടിക്കും. ലോകകപ്പ് ടീമിനുള്ള പകരക്കാരുടെ പട്ടികയിൽ മുഹമ്മദ് ഷമിയും ദീപക് ചഹാറുമാണുള്ളത്. ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യകളിയിൽ ചഹാർ മികച്ച പ്രകടനം നടത്തിയിരുന്നു. കോവിഡ് ബാധിതനായിരുന്ന ഷമിക്ക് ടീമിൽ ഇടംനേടാൻ കഴിഞ്ഞിരുന്നില്ല. ഏഷ്യാ കപ്പ് ഉൾപ്പെടെ നഷ്ടമായ ബുമ്രയ്ക്ക് തിരിച്ചുവരവ് മികച്ചതാക്കാനായില്ല. ഓസീസുമായുള്ള അവസാനകളിയിൽ നാലോവിൽ 50 റണ്ണാണ് വിട്ടുനൽകിയത്. പരിക്കിന്റെ സാധ്യത കണക്കിലെടുത്ത് ഈ വർഷം ബുമ്ര മത്സരങ്ങളുടെ എണ്ണംകുറച്ചിരുന്നു. അഞ്ചുവീതം ടെസ്റ്റ്, ഏകദിനം, ട്വന്റി–20 എന്നിവയാണ് കളിച്ചത്. ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസിനായി ഏറെക്കുറെ എല്ലാ മത്സരങ്ങളും കളിച്ചിരുന്നു. കാൽമുട്ടിന് പരിക്കുള്ള ജഡേജയ്ക്ക് ഏറെനാൾ വിശ്രമം വേണ്ടിവരും. ലോകകപ്പ് സൂപ്പർ 12ൽ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളും ഒപ്പമുണ്ട്. യോഗ്യതാമത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളുമുണ്ടാകും. ഒക്ടോബർ 23നാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യകളി. പാകിസ്ഥാനെതിരെയാണ് മത്സരം. ലോകകപ്പ് ടീം രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ, വിരാട് കോഹ്-ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, യുശ്-വേന്ദ്ര ചഹാൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്. പകരക്കാർ– മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചഹാർ. Read on deshabhimani.com

Related News