ഒന്നാം ട്വന്റി 20 ക്രിക്കറ്റ്‌ : അശ്വിനും ഭുവനേശ്വറും മിന്നി

photo credit team india twitter


ജയ്‌പുർ ന്യൂസിലൻഡിനെതിരായ ഒന്നാം ട്വന്റി 20 ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യക്ക്‌ 165 റൺ വിജയലക്ഷ്യം. ടോസ്‌ നഷ്ടമായി ബാറ്റിനിറങ്ങിയ കിവികൾ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 164 റൺ കുറിച്ചു. ഓപ്പണർ മാർടിൻ ഗുപ്‌റ്റിലും (42 പന്തിൽ 70) മാർക്‌ ചാപ്‌മാനുമാണ്‌ (50 പന്തിൽ 63) തിളങ്ങിയത്‌. ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ആർ അശ്വിനും രണ്ട്‌ വിക്കറ്റുകൾ നേടി. പുതിയ ക്യാപ്‌റ്റൻ രോഹിത്‌ ശർമയ്‌ക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനും കീഴിൽ ആദ്യമത്സരമാണ്‌ ഇന്ത്യക്ക്‌. ടോസ്‌ നേടിയ രോഹിത്‌ ന്യൂസിലൻഡിനെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. ഇന്ത്യക്കായി ഓൾറൗണ്ടർ വെങ്കിടേഷ്‌ അയ്യർ അരങ്ങേറി. അക്‌സർ പട്ടേലും അശ്വിനുമായിരുന്നു സ്‌പിന്നർമാർ. പേസ്‌നിരയെ ഭുവനേശ്വർ നയിച്ചു. ഒപ്പം മുഹമ്മദ്‌ സിറാജും ദീപക്‌ ചഹാറും. ട്വന്റി 20 ലോകകപ്പ്‌ റണ്ണറപ്പായ ടീമിലെ താരങ്ങളായിരുന്നു ഭൂരിഭാഗവും ന്യൂസിലൻഡ്‌ നിരയിൽ. കെയ്‌ൻ വില്യംസണിന്റെ അഭാവത്തിൽ ടിം സൗത്തിയാണ്‌ അവരെ നയിച്ചത്‌. ജിമ്മി നീഷവും ഉണ്ടായില്ല. ഒന്നാം ഓവറിൽ കിവികളെ വിറപ്പിച്ചാണ്‌ ഇന്ത്യ തുടങ്ങിയത്‌. ലോകകപ്പിൽ മിന്നിയ ഓപ്പണർ ഡാരിൽ മിച്ചെലിനെ (0) നേരിട്ട ആദ്യ പന്തിൽത്തന്നെ ഭുവനേശ്വർ മടക്കി. മനോഹരമായ ഇൻസ്വിങ്ങർ മിച്ചെലിന്റെ കുറ്റിതെറിപ്പിച്ചു. പതർച്ചയിൽനിന്ന്‌ ന്യൂസിലൻഡ്‌ പക്ഷേ കരകയറി. ചാപ്‌മാനും ഗുപ്‌റ്റിലും ചേർന്ന്‌ റൺനിരക്ക്‌ ഉയർത്തി. രണ്ടാംവിക്കറ്റിൽ 109 റണ്ണാണ്‌ ഇരുവരും ചേർത്തത്‌. രാജ്യാന്തര മത്സരപരിചയം കുറഞ്ഞ ചാപ്‌മാൻ മികച്ച പ്രകടനമായിരുന്നു. ക്ഷമയോടെ ധൈര്യപൂർവം ഇരുപത്തേഴുകാരൻ ബാറ്റ്‌ വീശി. രണ്ട്‌ സിക്‌സറും ആറ്‌ ഫോറും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. 14–-ാം ഓവറിൽ ചാപ്‌മാനെയും ഗ്ലെൻ ഫിലിപ്‌സിനെയും പുറത്താക്കി (0) അശ്വിൻ ഇന്ത്യയെ തിരികെയെത്തിച്ചു. നാല്‌ സിക്‌സും മൂന്ന്‌ ബൗണ്ടറിയും പറത്തി ഗുപ്‌റ്റിലാണ്‌ ന്യൂസിലൻഡിനെ 164ൽ എത്തിച്ചത്‌. Read on deshabhimani.com

Related News