തെളിഞ്ഞു, ടോക്യോ ; ഇതാ വിശ്വകായികമേള



ടോക്യോ ഇതാ വിശ്വകായികമേള. ടോക്യോയിൽ ഇന്ത്യൻ സമയം വെള്ളിയാഴ്‌ച വൈകിട്ട്‌ 4.30ന്‌ ഒളിമ്പിക്‌സിന്റെ 32–-ാംപതിപ്പിന്‌ തിരിതെളിയും. ഒട്ടും പരിചിതമല്ലാത്ത കാലത്താണ്‌ ഈ ഒളിമ്പിക്‌സ്‌. ജപ്പാനിലും കോവിഡിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല. ടോക്യോയിൽ ആറുമാസത്തെ ഉയർന്ന നിരക്കാണ്‌. ജനം പ്രതിഷേധവുമായി തെരുവിലുണ്ട്‌. കാണികൾക്ക്‌ അനുമതിയില്ല.  ടെലിവിഷനിലാണ്‌ മേളക്കാഴ്‌ചകൾ. സോണി നെറ്റ്‌വർക്കിൽ തത്സമയം. ഉദ്‌ഘാടനച്ചടങ്ങിലെ മാർച്ച്‌ പാസ്‌റ്റിൽ കുറച്ച്‌ താരങ്ങൾ മാത്രം. ജാപ്പനീസ്‌ ചക്രവർത്തി നാറുഹിറ്റോ ഉദ്‌ഘാടനം നിർവഹിക്കും. ആഗസ്‌ത്‌ എട്ടിനാണ്‌ സമാപനം. കഴിഞ്ഞ ജൂലൈയിൽ നടക്കേണ്ടത്‌ കോവിഡ്‌ കാരണം ഒരുവർഷം വൈകി. റദ്ദാക്കാൻവരെ ആലോചിച്ചെങ്കിലും രാജ്യാന്തര ഒളിമ്പിക്‌ സമിതിയും (ഐഒസി) ജപ്പാൻ സർക്കാരും ഉറച്ചുനിന്നതോടെ ടോക്യോ ഉണർന്നു. രണ്ടാംതവണയാണ്‌ ജപ്പാനിൽ ഒളിമ്പിക്‌സ്‌. 1964ലായിരുന്നു ആദ്യം. കോവിഡ്‌ കാരണം നിരവധി താരങ്ങളും ചില രാജ്യങ്ങളും വിട്ടുനിൽക്കുന്നു. ഉത്തരകൊറിയ ആദ്യം പിന്മാറി. ആഫ്രിക്കൻ രാജ്യമായ ഗിനിയയും പിന്മാറുമെന്ന്‌ അറിയിച്ചു.അമേരിക്കയാണ്‌ നിലവിലെ ചാമ്പ്യൻമാർ. വെല്ലുവിളി ഉയർത്തി ചൈനയും ബ്രിട്ടനുമുണ്ട്‌. ആതിഥേയരായ ജപ്പാനും  കടുത്ത പോരാട്ടം പുറത്തെടുക്കും. ഇതിഹാസതാരങ്ങളായ യുസൈൻ ബോൾട്ടും മൈക്കേൽ ഫെൽപ്‌സും കളംവിട്ടശേഷമുള്ള ആദ്യമേളയാണിത്‌. സിമോണി ബൈൽസ്‌, കാലെബ്‌ ഡ്രെസെൽ, ഷെല്ലി ആൻഫ്രേസർ പ്രൈസി തുടങ്ങിയ ലോകോത്തര താരങ്ങളായിരിക്കും മേളയുടെ ആകർഷണം. അത്‌ലറ്റിക്‌സും നീന്തലുമാണ്‌ ആവേശ ഇനങ്ങൾ. അത്‌ലറ്റിക്‌സ്‌  30ന്‌ തുടക്കമാകും. അഭയാർഥി അത്‌ലീറ്റുകളും മേളയിലുണ്ട്‌. ഇന്ത്യക്ക്‌ 127 കായികതാരങ്ങളുണ്ട്‌. ഒമ്പതു മലയാളിതാരങ്ങളും ഉൾപ്പെടും. ഷൂട്ടിങ്ങിലും ഹോക്കിയിലും മെഡൽപ്രതീക്ഷയുണ്ട്‌. ഫുട്‌ബോൾ, സോഫ്‌റ്റ്‌ബോൾ  മത്സരം തുടങ്ങി. പുരുഷ ഫുട്‌ബോളിൽ ചാമ്പ്യൻമാരായ ബ്രസീൽ ജർമനിയെ 4–-2ന്‌ തോൽപ്പിച്ചു. അർജന്റീനയും ഫ്രാൻസും തോറ്റു. Read on deshabhimani.com

Related News