‘ഇത്‌ 
മഹത്തായ 
വിജയം’



ന്യൂഡൽഹി തോമസ്‌ കപ്പിലെ ഇന്ത്യയുടെ കിരീടം ചരിത്ര നേട്ടമെന്ന് പരിശീലകൻ യു വിമൽകുമാർ. ബാങ്കോക്കിൽ നടന്ന തോമസ് കപ്പ് ബാഡ്മിന്റണിൽ കരുത്തരായ ഇന്തോനേഷ്യയെ തോൽപ്പിച്ചായിരുന്നു ഇന്ത്യ ചാമ്പ്യൻമാരായത്. ‘ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിലെ ഏറ്റവും മഹത്തരമായ അധ്യായമാണിത്. പ്രകാശ് പദുക്കോണും പുല്ലേല ഗോപീചന്ദും ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്. സിന്ധുവും സെെനയും ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും മെഡലുകൾ നേടി. ഇതൊക്കെ വലിയ നേട്ടങ്ങളാണ്. പക്ഷേ, ഒരു ടീം എന്നനിലയിൽ ഇത്രയും വലിയ ബഹുമതി കിട്ടിയിട്ടില്ല. ഒരു രാജ്യത്തെ ബാഡ്മിന്റണിലെ മികച്ചതെന്ന് വിലയിരുത്തണമെങ്കിൽ സിംഗിൾസിലും ഡബിൾസിലും തിളങ്ങണം. അതാണ് ഇപ്പോൾ സംഭവിച്ചത്’– വിമൽകുമാർ പറഞ്ഞു. ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത് എന്നിവർ സിംഗിൾസിൽ ജയിച്ചപ്പോൾ ഡബിൾസ് സാത്വിക് സായിരാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം സ്വന്തമാക്കി. എച്ച് എസ് പ്രണോയ്, എം ആർ അർജുൻ എന്നീ മലയാളിതാരങ്ങളും ഇന്ത്യൻ ടീമിലുണ്ടായിരുന്നു. ‘ഈ പ്രകടനത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഇന്ത്യൻ ബാഡ്മിന്റണിൽ ഇതുപോലൊരു ആവേശം മുമ്പുണ്ടായിട്ടില്ല. 1983ലെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വിജയത്തിനുസമാനമാണിത്. ക്രിക്കറ്റിനെപ്പോലെ ഈ നേട്ടം ബാഡ്മിന്റണിനെയും ഇന്ത്യയിൽ ജനകീയമാക്കുമെന്നാണ് പ്രതീക്ഷ’– വിമൽകുമാർ വ്യക്തമാക്കി. Read on deshabhimani.com

Related News