സൂര്യകാലം ; പ്രതീക്ഷയേകി സൂര്യകുമാർ യാദവ്



തിരുവനന്തപുരം പരിക്കിന്റെ തിരിച്ചടികളിലും ഇന്ത്യൻ ടീമിന് പ്രതീക്ഷയേകി സൂര്യകുമാർ യാദവ്. ലോകകപ്പിൽ സൂര്യകുമാറിന്റെ ബാറ്റ് നയിക്കുമെന്ന് ഇന്ത്യൻ ടീം സ്വപ്നം കാണുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ട്വന്റി–20യിൽ ഈ വലംകെെയൻ ബാറ്ററാണ് ജയം എളുപ്പമാക്കിയത്. അരസെഞ്ചുറിയുമായി പുറത്താകാതെനിന്ന സൂര്യകുമാർ ഒരുപിടി റെക്കോഡുകളും സ്വന്തമാക്കി. ട്വന്റി–20യിൽ ഒരു കലണ്ടർവർഷം ഏറ്റവും കൂടുതൽ റണ്ണടിക്കുന്ന താരമായി സൂര്യകുമാർ. ഈ വർഷം 732 റണ്ണാണ് അടിച്ചുകൂട്ടിയത്. ശിഖർ ധവാൻ 2018ൽ നേടിയ 689 റണ്ണിന്റെ റെക്കോഡാണ് തിരുത്തിയത്. ട്വന്റി–20യിൽ 1000 റൺ തികയ്ക്കാൻ ഇനി 24 റൺകൂടി മതി. ഈ വർഷം 180.29 ആണ് പ്രഹരശേഷി. 32 മത്സരങ്ങളിലാകെ 173.35. കളിജീവിതത്തിൽ ഇതിനകം 57 സിക്സറും 88 ഫോറുകളും പായിച്ചു. തിരുവനന്തപുരത്തെ പേസിനെ തുണയ്ക്കുന്ന പിച്ചിൽ നാലാമനായി എത്തിയ സൂര്യകുമാറാണ് കളി പൂർണമായും ഇന്ത്യയുടെ വരുതിയിലാക്കിയത്. ഏഴാം ഓവറിൽ 2–17 എന്ന നിലയിൽ ടീം പരുങ്ങിനിൽക്കുമ്പോഴാണ് ക്രീസിൽ എത്തിയത്. ആദ്യ മൂന്ന് പന്തിൽ രണ്ട് സിക്സർ പറത്തി കളിയുടെ ഗതി മാറ്റി. 33 പന്തിൽ 50 റണ്ണടിച്ച സൂര്യകുമാറിന്റെ മികവിൽ 26 പന്ത് ശേഷിക്കെ ഇന്ത്യ ജയംനേടി. ഓസീസുമായുള്ള പരമ്പരയിലും മികച്ച പ്രകടനമായിരുന്നു. റാങ്കിങ് പട്ടികയിൽ രണ്ടാമതുണ്ട്. Read on deshabhimani.com

Related News