വിനീഷ്യസിനെതിരെ സമൂഹമാധ്യമത്തിൽ പ്രതികരണം ; മാപ്പുപറഞ്ഞ്‌ ടെബാസ്‌

image credit real madrid twitter


മാഡ്രിഡ്‌ വിനീഷ്യസ്‌ ജൂനിയറിനെ സമൂഹമാധ്യമത്തിൽ വിമർശിച്ച സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ പ്രസിഡന്റ്‌ ഹാവിയെർ ടെബാസ്‌ മാപ്പ്‌ പറഞ്ഞു. വംശീയാധിക്ഷേപത്തെത്തുടർന്ന്‌ റയൽ മാഡ്രിഡ്‌ മുന്നേറ്റക്കാരൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു. സ്‌പാനിഷ്‌ ലീഗ്‌ വംശീയവെറിയൻമാരുടേതാണെന്നും സ്‌പെയ്‌ൻ വിദ്വേഷത്തിന്റെ രാജ്യമായാണ്‌ ലോകത്ത്‌ അറിയപ്പെടുന്നതെന്നും വിനീഷ്യസ്‌ തുറന്നടിച്ചു. ഇതിനെതിരെ ടെബാസ്‌ രംഗത്തുവരികയും ചെയ്‌തു. ഇരുപത്തിരണ്ടുകാരൻ ഇരയുടെ വേഷം ചമയുകയാണെന്നും പരാതി നൽകാതെ സമൂഹമാധ്യമത്തിൽ വിമർശനം നടത്തിയാൽപ്പോര എന്നുമായിരുന്നു ലീഗ്‌ പ്രസിഡന്റിന്റെ വാദം. ടെബാസിന്റെ ട്വിറ്ററിലെ ഈ പ്രതികരണങ്ങൾക്ക്‌ കടുത്ത എതിർപ്പുണ്ടായി. സ്‌പാനിഷ്‌ ഫുട്‌ബോൾ ഫെഡറേഷൻ തലവൻ ലൂയിസ്‌ റൂബിയാൾസ്‌ പ്രസ്‌താവനയെ തള്ളിക്കളഞ്ഞു. ടെബാസിന്റേത്‌ വെറും ജൽപ്പനങ്ങളാണെന്നായിരുന്നു റൂബിയാൾസ്‌ പറഞ്ഞത്‌. ‘സമൂഹമാധ്യമത്തിൽ വിനീഷ്യസിനെതിരായല്ല കാര്യങ്ങൾ പറഞ്ഞത്‌. ഇവിടെ വംശീയത ഇല്ലെന്നായിരുന്നു ഉദ്ദേശിച്ചത്‌. എന്നാൽ, ഇത്‌ തെറ്റിദ്ധരിക്കപ്പെട്ടു. മാപ്പ്‌’–-സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ ടെബാസ്‌ വെളിപ്പെടുത്തി. ഇതിനിടെ വംശീയാധിക്ഷേപത്തിനുശേഷം ആദ്യ കളിക്കിറങ്ങിയ റയൽ ടീം വിനീഷ്യസിന്‌ പിന്തുണ അറിയിച്ചു. റയോ വല്ലെക്കാനോയ്‌ക്കെതിരായ മത്സരത്തിൽ ബ്രസീലുകാരന്റെ 20–-ാംനമ്പർ കുപ്പായമണിഞ്ഞാണ്‌ എല്ലാവരും ഗ്രൗണ്ടിലിറങ്ങിയത്‌. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ആരാധകർ ‘നമ്മളെല്ലാം വിനീഷ്യസ്‌. വംശീയത മതിയാക്കാം’ എന്ന ബാനറുയർത്തി. പരിക്കുകാരണം വിനീഷ്യസ്‌ കളിച്ചില്ല. ക്ലബ് പ്രസിഡന്റ്‌ ഫ്ലോറന്റീനോ പെരസിനൊപ്പം മത്സരം കാണാനെത്തിയ മുന്നേറ്റക്കാരനെ കളിയുടെ 20–-ാംമിനിറ്റിൽ ആരാധകർ പ്രത്യേകം മുദ്രാവാക്യം വിളിയുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. വല്ലെക്കാനോയ്‌ക്കെതിരെ റയലിന്റെ വിജയഗോൾ നേടിയ റോഡ്രിഗോ ‘ബ്ലാക്ക്‌ പവർ സല്യൂട്ട്‌’ നൽകി പിന്തുണ അറിയിക്കുകയും ചെയ്‌തു. Read on deshabhimani.com

Related News