മത്സരത്തിന്റെ ഗതി മാറ്റാൻ പോന്നവർ; ഇംഗ്ലണ്ട്‌ ലോകകപ്പിൽ ശ്രദ്ധിക്കേണ്ട ഫീൽഡർമാർ..



ലണ്ടൻ> ഒറ്റ ക്യാച്ചുമതി കളി മാറ്റിമറിക്കാൻ. 1983 ലോകകപ്പ്‌ ഫൈനലിൽ വിവിയൻ റിച്ചാർഡ്‌സിനെ പുറത്താക്കാൻ കപിൽ ദേവ‌് പിറകോട്ടോടി എടുത്ത ക്യാച്ച‌്  ക്രിക്കറ്റ്‌ ലോകം മറന്നിട്ടില്ല. കപിൽ ശരിക്കും ഓടിപ്പിടിച്ചത‌്  ലോകകപ്പായിരുന്നു. 1992ൽ ഇൻസമാം ഉൾ ഹഖിനെ പുറത്താക്കിയ ദക്ഷിണാഫ്രിക്കക്കാരൻ ജോണ്ടി റോഡ്‌സിന്റെ പ്രകടനവും അദ‌്ഭുതത്തോടെയാണ്‌ ആരാധകർ വീക്ഷിച്ചത്‌. മത്സരത്തിന്റെ ഗതി മാറ്റാൻ പോന്നവരാണ്‌ ഇത്തരം ഫീൽഡർമാർ. മൈതാനത്ത്‌ പക്ഷി കണക്കേ പറക്കുന്നവർ. വേട്ടക്കാരനെപ്പോലെ തക്കംപാർത്തിരുന്ന‌് ഇര പിടിക്കുന്നവർ.  ഇംഗ്ലണ്ട്‌ ലോകകപ്പിൽ ശ്രദ്ധിക്കേണ്ട ഫീൽഡർമാർ.. രവീന്ദ്ര ജഡേജ (ഇന്ത്യ) മികച്ച ഓൾറൗണ്ടറാണ്‌ ജഡേജ. ബാറ്റ്‌ കൊണ്ടും പന്ത്‌ കൊണ്ടും മാത്രമല്ല, ഫീൽഡിലും ഇന്ത്യക്ക്‌ മുതൽക്കൂട്ടാണ്‌ സൗരാഷ്ട്രക്കാരൻ. ഏത്‌ ഭാഗത്തുനിന്നും സ്റ്റമ്പെറിഞ്ഞ്‌ വീഴ്‌ത്തും ജഡേജ. ക്യാച്ചുകളെടുക്കാനും മിടുക്കൻ. യുവരാജ്‌ സിങ്ങിന്റെ സ്ഥാനമാണ്‌ ടീമിന്റെ ഫീൽഡിങ്‌ വിന്യാസത്തിൽ ജഡേജയ്‌ക്ക്‌. അവസാന ഓവറുകളിൽ ബൗണ്ടറി ലൈനിനരികെ ജഡേജയുടെ സേവനം ടീം തേടാറുണ്ട്‌. എത്ര വേഗത്തിൽ വരുന്ന പന്തുകളും ഇടംകൈയൻ അനായാസം പിടിച്ചെടുക്കും. ഡേവിഡ്‌ വാർണർ (ഓസ്‌ട്രേലിയ) ലോകക്രിക്കറ്റിന്‌ എന്നും മികച്ച ഫീൽഡർമാരെ പരിചയപ്പെടുത്തിയ ടീമാണ്‌ കംഗാരുക്കളുടേത്‌. ഇതിൽ സമകാലികനാണ്‌ വാർണർ. മത്സരത്തിന്റെ ആദ്യവസാനംവരെ ചോരാത്ത ഊർജവുമായി വാർണർ മൈതാനത്തുണ്ടാകും. ബാറ്റ്‌സ്‌മാന്റെ ചെറിയ പിഴവുകളിൽനിന്ന്‌ റൺ ഔട്ടുകൾ സൃഷ്ടിക്കാൻ  പ്രത്യേക കഴിവുണ്ട‌്. ഔട്ട്‌ഫീൽഡിൽ നിറഞ്ഞാടുന്ന വാർണർ ബാറ്റ്‌സ്‌മാന്‌ സിംഗിളുകളെടുക്കാൻ അവസരം നൽകില്ല. ഐപിഎലിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനായി മികച്ച പ്രകടനമായിരുന്നു വാർണറുടേത്‌. ആന്ദ്രെ റസെൽ (വെസ്റ്റിൻഡീസ്‌) ചോരാത്ത കായികക്ഷമതയാണ്‌ വിൻഡീസ്‌ ഓൾറൗണ്ടറുടെ കരുത്ത്‌. ബൗണ്ടറിയിലേക്ക്‌ നീങ്ങുന്ന പന്തുകൾ ഓടി പിടിച്ചെടുക്കുന്നതിൽ കേമൻ. മൈതാനത്തിലെ ഓട്ടക്കാരനാണ്‌ റസെൽ. റസെലിലെ ബൗളറും ബാറ്റ്‌സ്‌മാനും മാത്രമല്ല  ഫീൽഡറും എതിർ ടീമുകൾക്ക്‌ വെല്ലുവിളിയാണ്‌. ഫാഫ്‌ ഡു പ്ലസിസ്‌ (ദക്ഷിണാഫ്രിക്ക) ലോകക്രിക്കറ്റിനെ അമ്പരപ്പിച്ച ദക്ഷിണാഫ്രിക്കൻ ഫീൽഡർമാരിലെ അവസാന പേരുകാരനാണ്. എ ബി ഡി വില്ലിയേഴ്‌സ്‌ വിരമിച്ചതോടെ പ്രതിസന്ധിയിലായ ദക്ഷിണാഫ്രിക്കൻ ഫീൽഡിങ്‌ നിരയ്‌ക്ക്‌ കരുത്തുപകർന്നത്‌ ഡു പ്ലസിസാണ്‌. പന്ത‌് വായുവിൽ  പറന്നുപിടിക്കാനും സ്റ്റമ്പുകൾ എറിഞ്ഞ്‌ വീഴ്‌ത്താനും മിടുക്കനാണ്‌ ദക്ഷിണാഫ്രിക്കൻ നായകൻ. ഔട്ട്‌ഫീൽഡിൽ അനായാസം പന്തുകൾ പിടിച്ചെടുക്കാനുള്ള കഴിവ‌് വ്യത്യസ‌്തനാക്കുന്നു. ഇന്ത്യൻ നായകൻ വിരാട്‌ കോഹ്‌ലി, ഓൾറൗണ്ടർ ഹാർദിക്‌ പാണ്ഡ്യ, ശിഖർ ധവാൻ എന്നിവരും ഫീൽഡിൽ ഇന്ത്യക്ക്‌ മുതൽക്കൂട്ടാണ്‌. ഓസിസ്‌ നിരയിൽ ഗ്ലെൻ മാക്‌സ്‌വെല്ലും കഴിവ‌് തെളിയിച്ച ഫീൽഡറാണ്‌. ഇംഗ്ലണ്ടിന്റെ ബെൻ സ്‌റ്റോക്‌സും എതിരാളിയെ വെള്ളം കുടിപ്പിക്കും. Read on deshabhimani.com

Related News