ഐപിഎൽ : ഉദിക്കാൻ വെെകി ഹൈദരാബാദ്‌



ദുബായ് മൂന്നാംപന്ത് നൽകിയ ആഘാതത്തിൽനിന്ന്‌ സൺറൈസേഴ്സ് ഹെെദരാബാദ് ഒരിക്കലും മോചിതരായില്ല. ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് വാലറ്റക്കാരുടെ തുണയിൽ നേടിയത് ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 134 റൺ. ഐപിഎൽ ക്രിക്കറ്റിൽ ബൗളർമാരുടെ മികവിലാണ് ഡൽഹി കളിയുടെ നിയന്ത്രണം പിടിച്ചത്. ഓപ്പണർ ഡേവിഡ് വാർണറെ മൂന്നാമത്തെ പന്തിൽ പുറത്താക്കി പേസർ ആൻറിച്ച് നോർത്യേയാണ് ഹെെദരാബാദിന്റെ ഉദയം വെെകിച്ചത്. പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ബാറ്റിൽ തട്ടി ഉയർന്ന പന്ത് അക്സർ പട്ടേൽ അനായാസം പിടികൂടി. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ക്യാപ്റ്റൻ കെയ്ൻ വില്യംസനുമായി ചേർന്ന് രക്ഷാപ്രവർത്തനത്തിന് ഒരുങ്ങി. എന്നാൽ, 18 റണ്ണെടുത്ത സാഹയെ കഗീസോ റബാദ മടക്കി. മനീഷ് പാണ്ഡേ ക്യാപ്റ്റന് കൂട്ടായെത്തി. പട്ടേലിനെ ഉയർത്തിയടിച്ച വില്യംസനെ (18) അതിർത്തിയിൽ ഹെറ്റ്മെയർ പിടിച്ചതോടെ കളി ഡൽഹിയുടെ കെെയിലായി. വെെകാതെ പാണ്ഡേ (17) റബാദയ്‌ക്ക് വിക്കറ്റ് സമ്മാനിച്ചു. കേദാർ ജാദവും (3) ജാസൺ ഹോൾഡറും (10) വേഗം മടങ്ങി. അബ്ദുസമദും റഷീദ് ഖാനും അവസാന ഓവറുകളിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് സ്കോർ 100 കടത്തിയത്. 21 പന്തിൽ 28 റൺ നേടിയ സമദിനെ റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പിടിച്ചു. 19 പന്തിൽ 22 റൺ നേടിയ റഷീദ്ഖാൻ റണ്ണൗട്ടായി. ടീമാകെ നേടിയത് ഒമ്പത് ഫോറും നാല് സിക്സറും മാത്രം. നോർത്യേ നാല് ഓവറിൽ 12 റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്തു. പട്ടേൽ രണ്ട് വിക്കറ്റിന് വിട്ടുനൽകിയത് 21 റൺ. റബാദ 37 റൺ വഴങ്ങി മൂന്ന് വിക്കറ്റ് നേടി. Read on deshabhimani.com

Related News