ലങ്കയ്‌ക്ക്‌ ആദ്യജയം



ലഖ്‌നൗ ലോകകപ്പിൽ മൂന്നു തുടർതോൽവിയോടെ വലഞ്ഞ ശ്രീലങ്കയ്‌ക്ക്‌ വിജയമധുരം. പൊരുതിക്കളിച്ച നെതർലൻഡ്‌സിനെ അഞ്ച്‌ വിക്കറ്റിന്‌ തകർത്ത ശ്രീലങ്ക പോയിന്റ്‌ പട്ടികയിൽ അഫ്‌ഗാനിസ്ഥാനെ മറികടന്ന്‌ എട്ടാംപടിയിലേക്ക്‌ കയറി. നെതർലൻഡ്‌സ്‌ എട്ടാമതാണ്‌. സ്‌കോർ: നെതർലൻഡ്‌സ്‌ 262 (49.4). ശ്രീലങ്ക 263/5 (48.2). പുറത്താകാതെ 91 റണ്ണെടുത്ത സദീര സമരവിക്രമയാണ്‌ ലങ്കയുടെ വിജയശിൽപ്പി. ഓപ്പണർ പതും നിസ്സങ്ക (54), ചരിത്‌ അസലങ്ക (44), ധനഞ്ജയ ഡി സിൽവ (30) എന്നിവർ പിന്തുണ നൽകി. ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത നെതർലൻഡ്‌സിന്‌ ആശിച്ച തുടക്കമല്ല ലഭിച്ചത്‌. 91 റൺ എടുക്കുന്നതിനിടെ ആറുപേർ കൂടാരം കയറി. പിന്നീട്‌ ഒന്നിച്ച സിബ്രാൻഡ്‌ എൻഗൽബ്രറ്റും (70) ലോഗൻ വാൻബീക്കുമാണ്‌ (59) ഡച്ചുകാരെ കയകയറ്റിയത്‌. ഏഴാംവിക്കറ്റിൽ ഇരുവരും 130 റൺ കൂട്ടിച്ചേർത്തു. നാല്‌ വിക്കറ്റുവീതം നേടിയ ദിൽഷൻ മധുശങ്കയും കാസുൻ രജിതയുമാണ്‌ ഡച്ചുകാരുടെ നടുവൊടിച്ചത്‌. നാല്‌ വിക്കറ്റ്‌ നേട്ടത്തോടെ മധുശങ്കയ്‌ക്ക്‌ ഈ ലോകകപ്പിൽ ആകെ 11 വിക്കറ്റായി. ന്യൂസിലൻഡിന്റെ മിച്ചെൽ സാന്റ്‌നർക്കൊപ്പം വിക്കറ്റ്‌ വേട്ടക്കാരിൽ ഒന്നാമതാണ്‌ മധുശങ്ക. 26ന്‌ ഇംഗ്ലണ്ടുമായാണ്‌ ശ്രീലങ്കയുടെ അടുത്തമത്സരം. നെതർലൻഡ്‌സ്‌ 25ന്‌ ഓസ്‌ട്രേലിയയെ നേരിടും. Read on deshabhimani.com

Related News