പൊട്ടിത്തെറിച്ച്‌ ഗ്രീൻഫീൽഡ്‌

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ ആവേശം / ഫോട്ടോ: എ ആർ അരുൺരാജ്


തിരുവനന്തപുരം> മൂന്നുവർഷത്തിനുശേഷം വിരുന്നെത്തിയ കളി ഉത്സവമാക്കി ആരാധകർ. ഓരോ ശ്വാസത്തിലും ക്രിക്കറ്റ്‌ നിറഞ്ഞു. കളത്തിലെ ആവേശം സ്‌റ്റേഡിയത്തെ ത്രസിപ്പിച്ചു. ഗ്രീൻഫീൽഡിൽ ആർത്തുവിളിച്ച ആരാധകർക്ക്‌ ആദ്യ ഓവർമുതൽ ആഘോഷമൊരുക്കി ഇന്ത്യൻ പേസർമാർ. തകർപ്പനടികൾ കാണാൻ എത്തിയവർക്കുമുന്നിൽ നിറഞ്ഞാടിയത്‌ അർഷ്‌ദീപും സംഘവും. റണ്ണൊഴുകുമെന്ന്‌ പ്രവചിച്ച പിച്ചിൽ വിക്കറ്റുകൾ കൊഴിഞ്ഞപ്പോൾ ഗ്യാലറിയിൽ വിജയാരവം മുഴങ്ങി.ആരാധന കൊട്ടിക്കയറിയപ്പോൾ സ്‌റ്റേഡിയത്തിനുമുന്നിൽ രോഹിതിന്റെയും കോഹ്‌ലിയുടെയും സഞ്‌ജുവിന്റെയും കൂറ്റൻ കട്ടൗട്ടുകൾ ഉയർന്നു. കാത്തിരിപ്പുകൾക്കൊടുവിൽ നിശ്ചയിച്ചതിലും അരമണിക്കൂർ നേരത്തേ കാണികളെ സ്‌റ്റേഡിയത്തിൽ കയറ്റി. ആദ്യമെത്തിയത്‌ ദക്ഷിണാഫ്രിക്ക. പിന്നാലെ ആതിഥേയർ. ഗ്യാലറിയിൽ നീലക്കടൽ ഇരമ്പി. കാണികളുടെ മൊബൈൽ ടോർച്ചുകൾ ഒരുമിച്ചുതെളിഞ്ഞു.   ഇന്ത്യക്ക്‌ ടോസ്‌ വീണപ്പോൾ ഉയർന്ന ആരവം പിന്നെ അടങ്ങിയതേയില്ല. Read on deshabhimani.com

Related News