വീണ്ടും സെവിയ്യ ; യൂറോപ ലീഗ്‌ ഫൈനലിൽ റോമയെ നേരിടും

image credit Sevilla FC twitter


സെവിയ്യ/ലെവെർകൂസെൻ യൂറോപ ലീഗ്‌ ഫുട്‌ബോളിലെ ആധിപത്യം തുടരാൻ സെവിയ്യ. കരുത്തുറ്റ പോരാട്ടത്തിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെ തകർത്ത്‌ ഏഴാം ഫൈനലിന്‌ യോഗ്യത നേടി. മുമ്പ്‌ കളിച്ച ആറിലും കിരീടമുയർത്തിയിട്ടുണ്ട്‌ സ്‌പാനിഷ്‌ പട. അധികസമയംവരെ നീണ്ട മത്സരത്തിൽ 2–-1നാണ്‌ യുവന്റസിനെ മറികടന്നത്‌. ഇരുപാദങ്ങളിലുമായി സ്‌കോർ: -3–-2. ഹൊസോ മൊറീന്യോയുടെ റോമയുമായി മെയ്‌ 31ന്‌ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ്‌ ഫൈനൽ. റോമ ബയേർ ലെവെർകൂസെനെ ഒരു ഗോളിന്‌ വീഴ്‌ത്തി. രണ്ടാംപാദ സെമി ഗോളില്ലാക്കളിയായപ്പോൾ ആദ്യപാദത്തിലെ ഒരു ഗോൾ ജയം റോമയെ തുണച്ചു. ആദ്യഘട്ട മത്സരത്തിൽ സെവിയ്യയും യുവന്റസും ഓരോ ഗോളടിച്ച്‌ പിരിഞ്ഞിരുന്നു. ഇത്തവണ സെവിയ്യയുടെ തട്ടകത്തിൽ ദുസാൻ വ്ലാഹോവിച്ചിലൂടെ യുവന്റസ്‌ ലീഡെടുത്തു. എന്നാൽ, സുസോ സമനില സമ്മാനിച്ചു. നിശ്ചിതസമയവും തുല്യമായതോടെ കളി അധികസമയത്തേക്ക്‌ നീണ്ടു. 95–-ാംമിനിറ്റിൽ എറിക്‌ ലമേലയിലൂടെ ഹെഡ്ഡറിലൂടെ സെവിയ്യ ജയം പിടിച്ചു. കളിയവസാനം പ്രതിരോധക്കാരൻ മാർകോസ്‌ അക്യൂന ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായിട്ടും തളർന്നില്ല. ലെവെർകൂസെനെതിരെ കടുത്ത പ്രതിരോധം തീർത്താണ്‌ റോമ മുന്നേറിയത്‌. 28 ശതമാനം മാത്രമാണ്‌ പന്തിൽ മേധാവിത്വം പുലർത്തിയത്‌. എതിർവലയിലേക്ക്‌ ഒരു ഷോട്ടുപോലും തൊടുത്തില്ല. ആദ്യപാദത്തിലെ ഒറ്റ ഗോൾ ജയം മതിയായിരുന്നു അവർക്ക്‌. കഴിഞ്ഞതവണ യൂറോപ കോൺഫറൻസ്‌ ലീഗ്‌ ചാമ്പ്യൻമാരായിരുന്നു റോമ. കോൺഫറൻസ് ലീഗ് ഫെെനലിൽ വെസ്റ്റ്ഹാം യുണെെറ്റഡ് ഫിയന്റീനയെ നേരിടും. ജൂൺ എട്ടിനാണ് മത്സരം. ഇരുപാദ സെമികളിൽ വെസ്റ്റ്ഹാം എ സെഡ്  അൽക്മാറിനെ 3–1നും ഫിയന്റീന ബേസലിനെ 4–3നും തോൽപ്പിച്ചു. Read on deshabhimani.com

Related News