ഇന്ത്യൻ ലോകകപ്പ്‌ ടീമിൽ മാറ്റം ; അക്‌സറിനുപകരം ശർദുൾ

image credit sardool thakur twitter


ദുബായ്‌ ട്വന്റി–20 ക്രിക്കറ്റ് ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻടീമിൽ മാറ്റം. സ്പിന്നർ അക്-സർ പട്ടേലിനുപകരം ഓൾ റൗണ്ടർ ശർദുൾ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി. അക്-സറിനെ കരുതൽനിരയിലേക്ക് മാറ്റി. ശ്രേയസ് അയ്യരും ദീപക് ചഹാറുമാണ് കരുതൽനിരയിലെ മറ്റ് കളിക്കാർ. സെലക്ഷൻ സമിതിയും ടീം മാനേജ്മെന്റും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ശർദുളിനെ ടീമിൽ ഉൾപ്പെടുത്തിയത്. നിലവിൽ ടീമിലുള്ള ഹാർദിക് പാണ്ഡ്യ പന്തെറിയുന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാലാണ് മീഡിയം പേസറായ ശർദുളിനെ പരിഗണിച്ചത്. പാണ്ഡ്യ ലോകകപ്പിൽ പന്തെറിയുന്നില്ലെങ്കിൽ ശർദുളിന് കളിക്കാൻ അവസരം കിട്ടും. ഐപിഎലിൽ ചെന്നെെ സൂപ്പർ കിങ്സിന്റെ താരമായ ശർദുൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സീസണിൽ ചെന്നെെയെ ഫെെനലിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഇന്ത്യക്കുവേണ്ടി 22 മത്സരങ്ങളിൽ കളിച്ചു. മീഡിയം പേസറായി തുടങ്ങിയ ശർദുൾ ക്രമേണ ഓൾറൗണ്ടർ പദവിയിൽ എത്തുകയായിരുന്നു. അക്-സറിനെ ഒഴിവാക്കിയതോടെ ടീമിൽ നാല് സ്പിന്നർമാരായി. ഇതോടൊപ്പം ടീമിന് സഹായമൊരുക്കാൻ എട്ട് കളിക്കാരെയും ബിസിസിഐ നിയോഗിച്ചു. ഇവർ ഐപിഎൽ കഴിഞ്ഞാൽ ഇന്ത്യൻസംഘത്തിനൊപ്പം ചേരും. അവേഷ് ഖാൻ, ഉമ്രാൻ മാലിക്, ഹർഷൽ പട്ടേൽ, ലുക്മാൻ മെറിവാല, വെങ്കിടേഷ് അയ്യർ, കരൺ ശർമ, ഷഹബാസ് അഹമ്മദ്, കൃഷ്ണപ്പ ഗൗതം എന്നിവരാണ് ഈ പട്ടികയിൽ. ഞായറാഴ്ചയാണ് ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. സൂപ്പർ 12 മത്സരങ്ങൾ 23ന് തുടങ്ങും. 24ന് പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ കളി. Read on deshabhimani.com

Related News