കളിയാരവം ; സന്തോഷ് ട്രോഫി ഫെെനൽ റൗണ്ട് മഞ്ചേരിയിൽ



തിരുവനന്തപുരം സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ടിന് കേരളം വേദിയാകും. അടുത്തവർഷം ആദ്യമാണ് മത്സരങ്ങൾ. മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ്‌ ഫൈനൽ. ആകെ 23 കളികളുണ്ടാകും. ഓരോ മേഖല തിരിച്ചുള്ള പ്രാഥമിക റൗണ്ട് കളികൾ നവംബറിൽ ആരംഭിക്കും. 2013ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ചത്. അന്ന് കൊച്ചിയിൽ റണ്ണറപ്പായിരുന്നു കേരള ടീം. ഡിസംബറിൽ രാജ്യാന്തര വനിതാ ഫുട്ബോൾ ടൂർണമെന്റിന് കൊച്ചി വേദിയാകും. ഇന്ത്യ ഉൾപ്പെടെ നാല് ടീമുകൾ പങ്കാളികളാകും. ആകെ ഏഴ്‌ കളികളുണ്ടാകും. ദേശീയ ജൂനിയർ, സബ്‌ജൂനിയർ ചാമ്പ്യൻഷിപ്പുകളും കേരളത്തിൽ നടത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  ലോകകപ്പ് യോഗ്യതാ റൗണ്ടിന്‌ ഒരുങ്ങുന്ന ഇന്ത്യൻ അണ്ടർ 16 ടീമിന്റെ പരിശീലന ക്യാമ്പ് സംസ്ഥാനത്ത് നടത്താൻ ആലോചനയുണ്ട്. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനുമായി ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ദേശീയ വനിതാ സംഘത്തിന്റെ പരിശീലനത്തിനും കേരളം കളമൊരുക്കും. സംസ്ഥാനത്തെ ജൂനിയർ ഫുട്ബോൾ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.   Read on deshabhimani.com

Related News