സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ; യുവനിരയുമായി 
കേരളത്തിന്റെ ‘ഒഡിഷ 
മിഷൻ’

കേരള ടീം എറണാകുളം പനമ്പിള്ളിനഗർ മെെതാനത്ത് പരിശീലനത്തിൽ /ഫോട്ടോ: മനു വിശ്വനാഥ്


കൊച്ചി സന്തോഷ്‌ ട്രോഫി കൈവിടാതിരിക്കാൻ കേരളം തയ്യാറെടുക്കുന്നു. ഒഡിഷയിലെ ഭുവനേശ്വറിലാണ്‌ ഫൈനൽ റൗണ്ട്‌. സെമിയിലെത്തിയാൽ ഗൾഫിലേക്ക്‌ പറക്കാം. ചരിത്രത്തിലാദ്യമായി സെമിയും ഫൈനലും സൗദി അറേബ്യയിലാണ്‌. രണ്ടാഴ്‌ചത്തെ പരിശീലനം എറണാകുളം പനമ്പിള്ളിനഗർ മൈതാനത്ത്‌ തുടങ്ങി. യോഗ്യതാ മത്സരങ്ങൾ കളിച്ച 22 അംഗ ടീമിനെ നിലനിർത്തിയാണ്‌ ചാമ്പ്യൻമാർ ഫൈനൽ റൗണ്ടിന്‌ ഒരുങ്ങുന്നത്‌. ഫെബ്രുവരി 10 മുതൽ 20 വരെയാണ്‌ ഫൈനൽ റൗണ്ട്‌. ഫെബ്രുവരി ആറിന്‌ ടീം പുറപ്പെടും. 10ന്‌ ആദ്യകളിയിൽ കരുത്തരായ ഗോവയാണ്‌ എതിരാളി. 12ന്‌ കർണാടകയുമായും 14ന്‌ മഹാരാഷ്‌ട്രയുമായും ഏറ്റുമുട്ടും. 17ന്‌ ആതിഥേയരായ ഒഡിഷയാണ്‌ എതിരാളി. 19ന്‌ യോഗ്യതാ ഗ്രൂപ്പ്‌ ആറിലെ ചാമ്പ്യൻമാരെ നേരിടും. ആദ്യ രണ്ട്‌ സ്ഥാനക്കാർക്കാണ്‌ സെമിയിലേക്ക്‌ പ്രവേശനം.    പരിശീലകൻ പി ബി രമേഷിന്റെ മേൽനോട്ടത്തിൽ കടുത്ത പരിശീലനത്തിലാണ്‌ ടീം. ക്യാപ്‌റ്റൻ വി മിഥുൻ ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം ക്യാമ്പിലുണ്ട്‌. പരിക്ക്‌ മാറിയെത്തുന്ന കേരള പൊലീസിന്റെ പ്രതിരോധക്കാരൻ ജി സഞ്ജുവിനെ പുതുതായി ഉൾപ്പെടുത്തും. കഴിഞ്ഞതവണ നാട്ടിൽ കിരീടമുയർത്തിയപ്പോൾ പ്രതിരോധത്തെ നയിച്ചത്‌ സഞ്ജുവായിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ടിൽ പരിക്കുകാരണം പുറത്തിരുന്നു.  ഗ്രൂപ്പിലുള്ളത്‌ കരുത്തുറ്റ എതിരാളികളാണ്‌. എതിർതട്ടകം എന്ന വെല്ലുവിളിയുമുണ്ട്‌. അതിനാൽ ശാരീരികക്ഷമതയ്‌ക്കൊപ്പം മനക്കരുത്തും പ്രധാനമാണ്‌. കാലാവസ്ഥ പ്രശ്‌നമാകില്ലെന്നാണ്‌ കണക്കുക്കൂട്ടൽ. ടൂർണമെന്റിന്‌ പുറപ്പെടുംമുമ്പ്‌ പരമാവധി പരിശീലന മത്സരങ്ങൾ കളിക്കും. കേരള പ്രീമിയർ ലീഗ്‌ നടക്കുന്നതിനാൽ ടീമുകൾ ലഭ്യമാണ്‌. കോഴിക്കോട്‌ നടന്ന യോഗ്യതാ റൗണ്ടിൽ അഞ്ച്‌ കളിയും ജയിച്ച്‌ ഗ്രൂപ്പ്‌ ജേതാക്കളായാണ്‌ അവസാന റൗണ്ട്‌ ഉറപ്പിച്ചത്‌. 24 ഗോളടിച്ചപ്പോൾ വഴങ്ങിയത്‌ രണ്ടെണ്ണം മാത്രം. ആറ്‌ ഗോളടിച്ച മധ്യനിരക്കാരൻ നിജോ ഗിൽബർട്ടാണ്‌ മിന്നിയത്‌.   Read on deshabhimani.com

Related News