‘ഈ നിമിഷം മനോഹരം’ ; ഈ ടീമിന്റ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം

Photo Credit: Twitter/ Indian Football Team


മാലി സാഫ്‌ കപ്പിൽ നിറഞ്ഞ്‌ സുനിൽ ഛേത്രി. കിരീടത്തിനൊപ്പം വ്യക്തിഗതനേട്ടങ്ങളും ഛേത്രിയെ തേടിയെത്തി. ടൂർണമെന്റിലെയും ഫൈനലിലെയും മികച്ച താരമായി. നാല്‌ ഗോളോടെ ടോപ്‌ സ്‌കോററുമായി. 80 ഗോളുമായി അർജന്റീന താരം ലയണൽ മെസിക്കൊപ്പമെത്തിയത്‌ ഉജ്വലനേട്ടമായി. ‘ആഗ്രഹിച്ച തുടക്കമായിരുന്നില്ല ഞങ്ങൾക്ക്‌. എന്നാൽ, സ്വപ്‌നം കണ്ടത്‌ അവസാനം സ്വന്തമാക്കാൻ കഴിഞ്ഞു. ഈ ടീമിന്റ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം. സഹലിന്റെയും സുരേഷിന്റെയും ഗോളുകൾ മനോഹരമായിരുന്നു. ഈ പ്രകടനം തുടരട്ടെ’–- ഛേത്രി ട്വിറ്ററിൽ കുറിച്ചു. മുപ്പത്തേഴാംവയസ്സിലും തളരാത്ത പോരാട്ടവീര്യമാണ്‌ ഛേത്രിയുടേത്‌. ഇന്ത്യയുടെ ഏറ്റവും മികച്ച ഗോളടിക്കാരൻ. സാഫിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്താകുമെന്ന അവസ്ഥയിലായിരുന്നു ഛേത്രിയുടെ ഗോളുകൾ വന്നത്‌. മാലദ്വീപിനെതിരായ നിർണായകമത്സരത്തിൽ ഇരട്ടഗോളുമായി ക്യാപ്‌റ്റൻ ജ്വലിച്ചു. ഫൈനലിൽ ആദ്യപകുതിയിൽ പതറിയ ടീമിന്‌ ദിശാബോധം നൽകിയത്‌ രണ്ടാംപകുതിയുടെ തുടക്കത്തിൽ ഛേത്രിയുടെ ഗോളായിരുന്നു. അണ്ടർ 20 ടീമിന്റെ ഭാഗമായി 2004ലാണ്‌ ഛേത്രി ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയത്‌. മൂന്നു കളിയിൽ രണ്ട്‌ ഗോൾ. അടുത്തവർഷം സീനിയർ ടീമിൽ. പാകിസ്ഥാനെതിരെ ആദ്യഗോൾ. 2019ൽ മറ്റൊരു നേട്ടവും സ്വന്തമാക്കി. രാജ്യാന്തര ഫുട്‌ബോൾ ഗോളടിക്കാരുടെ പട്ടികയിൽ പത്താംസ്ഥാനത്ത്‌ ഉൾപ്പെടുന്ന ആദ്യ ഇന്ത്യൻ താരം. 2007ലെ നെഹ്‌റു കപ്പായിരുന്നു ആദ്യ രാജ്യാന്തര ടൂർണമെന്റ്‌. കംബോഡിയക്കെതിരെ ഇരട്ടഗോൾ. ഇന്ത്യ ചാമ്പ്യൻമാരായപ്പോൾ ഛേത്രിയായിരുന്നു താരം. രാജ്യാന്തര ഫുട്‌ബോളിൽ നിലവിൽ കളിക്കുന്നവരിൽ പോർച്ചുഗൽ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ (115) മാത്രമാണ്‌ ഇപ്പോൾ ഛേത്രിക്കുമുന്നിൽ. ഗോളടിക്കാരുടെ പട്ടികയിൽ മെസിക്കൊപ്പം അഞ്ചാംസ്ഥാനത്താണ്‌ ഇന്ത്യയുടെ സൂപ്പർതാരം. Read on deshabhimani.com

Related News