പോര, ലിവർപൂൾ ; റയൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

image credit UEFA Champions League twitter


മാഡ്രിഡ്‌ റയൽ മാഡ്രിഡിനെതിരെ തിരിച്ചുവരവിനുള്ള കരുത്തൊന്നും ലിവർപൂളിനുണ്ടായില്ല. രണ്ടാംപാദ പ്രീ ക്വാർട്ടറിൽ ആധികാരിക പ്രകടനത്തോടെ ഒരു ഗോൾ ജയം സ്വന്തമാക്കി റയൽ ചാമ്പ്യൻസ്‌ ലീഗിൽ ക്വാർട്ടർ കണ്ടപ്പോൾ ലിവർപൂൾ മടങ്ങി. റയലിന്റെ 19–-ാം ക്വാർട്ടറാണിത്‌. കരിം ബെൻസെമയുടെ ഗോളിൽ ജയം പൂർത്തിയാക്കി. ആദ്യപാദത്തിൽ 5–-2നായിരുന്നു ജയം. ഇരുപാദങ്ങളിലുമായി 6–-2ന്റെ മുൻതൂക്കം. തുടർച്ചയായ മൂന്നാംസീസണിലാണ്‌ റയലിനുമുന്നിൽ ലിവർപൂളിന്റെ ചാമ്പ്യൻസ്‌ ലീഗ്‌ മോഹങ്ങൾ തകർന്നത്‌. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന ആദ്യപാദത്തിൽ 5–-2ന്‌ തോറ്റതോടെ യുർഗൻ ക്ലോപ്പിന്റെ സംഘത്തിന്റെ പിടിവിട്ടിരുന്നു. കഴിഞ്ഞവർഷം ഫൈനലിലും തൊട്ടുമുമ്പ്‌ ക്വാർട്ടർ ഫൈനലിലുമാണ്‌ ലിവർപൂൾ റയലിനോട്‌ തോറ്റത്‌. സാന്റിയാഗോ ബെർണബ്യൂവിൽ തിരിച്ചടിക്കാനുള്ള ആവേശമൊന്നും ലിവർപൂളിൽ കണ്ടില്ല. മുഹമ്മദ്‌ സലാ, ദ്യേഗോ ജോട്ട, ഡാർവിൻ ന്യൂനെസ്‌, കോഡി ഗാക്‌പോ എന്നീ മുന്നേറ്റക്കാരുണ്ടായിട്ടും റയൽ വല തുറക്കാൻ അവർക്ക്‌ സാധിച്ചില്ല. മറുവശത്ത്‌ ബെൻസെമയും വിനീഷ്യസ്‌ ജൂനിയറും ചേർന്നുള്ള കിടയറ്റ ആക്രമണങ്ങളിൽ ലിവർപൂൾ പ്രതിരോധം ഉലഞ്ഞു. പലപ്പോഴും ഗോൾ കീപ്പർ അലിസൺ ബെക്കറായിരുന്നു രക്ഷകൻ. വിനീഷ്യസിന്റെയും എഡ്വാർഡോ കമവിംഗയുടെയും ഗോളെന്നുറച്ച ശ്രമങ്ങളെ ബെക്കർ തടഞ്ഞു. ലൂക്കാ മോഡ്രിച്ചിന്റെ ഷോട്ട്‌ പോസ്‌റ്റിന്‌ തൊട്ടരികിലൂടെ പറന്നു. ഫെഡെറികോ വാൽവെർദെയുടെ ഗോൾശ്രമം ബെക്കർ നിർവീര്യമാക്കി. മറിച്ചായിരുന്നെങ്കിൽ ലിവർപൂളിന്റെ തോൽവിഭാരം കൂടിയേനെ. കളിയിലെ ആദ്യ അവസരം ലിവർപൂളിനായിരുന്നു. എന്നാൽ, ന്യൂനെസിന്റെ ഷോട്ട്‌ റയൽ ഗോൾ കീപ്പർ തിബൗ കുർട്ടോയുടെ കൈകളിലേക്കായി. ലിവർപൂളിന്റെ രണ്ട്‌ ഗോൾശ്രമങ്ങൾകൂടി കുർട്ടോ തടഞ്ഞു. കളി തീരാൻ മിനിറ്റുകൾമാത്രം ബാക്കിനിൽക്കെയായിരുന്നു റയലിന്റെ ഗോൾ. വിനീഷ്യസിന്റെ നീക്കം ബെൻസെമ കണ്ടു. ലിവർപൂൾ പ്രതിരോധം ചിതറി. ലിവർപൂളിനെതിരെ ബെൻസെമയുടെ ഏഴാംഗോളാണിത്‌. അതിനിടെ ബെൻസെമയ്‌ക്ക്‌ പരിക്കേറ്റത്‌ റയലിന്‌ തിരിച്ചടിയായി. മത്സരം പൂർത്തിയാക്കാനായില്ല ഫ്രഞ്ചുകാരന്‌. അതേസമയം, ഞായറാഴ്‌ച സ്‌പാനിഷ്‌ ലീഗിൽ ബാഴ്സലോണയുമായുള്ള എൽ ക്ലാസിക്കോയിൽ തിരിച്ചെത്തിയേക്കും. നൗകാമ്പിലാണ്‌ മത്സരം. നിലവിൽ ബാഴ്‌സയെക്കാൾ എട്ട്‌ പോയിന്റ്‌ പിന്നിലാണ്‌ റയൽ. ലിവർപൂൾ ഈ സീസണിൽ കിരീടമില്ലാതെ അവസാനിപ്പിക്കേണ്ടിവരും. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ പോയിന്റ്‌ പട്ടികയിൽ ആറാമതാണ്‌ ക്ലോപ്പിന്റെ സംഘം. Read on deshabhimani.com

Related News