‘ആ കളി നദാലിനൊപ്പം’ ; ഫെഡററുടെ വിടവാങ്ങൽ മത്സരം നാളെ ; മത്സരം യൂറോപ്യൻ ടീമും ലോക ടീമും തമ്മിൽ

image credit Roger Federer twitter


ലണ്ടൻ റാഫേൽ നദാലിനൊപ്പം സ്വപ്നസമാനമായൊരു മത്സരം കളിച്ച് റോജർ ഫെഡറർ ടെന്നീസ് കളം വിടുന്നു. ലേവർകപ്പിൽ വെള്ളിയാഴ്ചയാണ് സ്വിസ് ഇതിഹാസം കളിക്കാനിറങ്ങുക.  പരസ്പരം ഏറ്റുമുട്ടിയും കളത്തിനുപുറത്ത് അഗാധമായ സൗഹൃദം പങ്കിട്ടും കാലങ്ങളായി ടെന്നീസ് വേദിയിൽ ഒപ്പമുണ്ടായിരുന്ന നദാലാണ് മത്സരത്തിൽ ഫെഡററുടെ പങ്കാളി. യൂറോപ്യൻ ടീമിന്റെ ക്യാപ്റ്റൻ ബ്യോൺ ബോർഗിനോട് ഡബിൾസിൽ നദാലിനൊപ്പം കളിക്കാനുള്ള ആഗ്രഹം ഫെഡറർ പ്രകടിപ്പിച്ചി
രുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം വിംബിൾഡണിലായിരുന്നു അവസാനമത്സരം. പരിക്ക് തുടരുന്നതിനിടെയായിരുന്നു പ്രഖ്യാപനം. കാൽമുട്ടിൽ കഴിഞ്ഞ ഒന്നരവർഷമായി ഫെഡറർക്ക് അസ്വസ്ഥതയുണ്ട്. മൂന്നുതവണ ശസ്ത്രക്രിയ നടത്തേണ്ടിവന്നു. തിരിച്ചുവരാൻ ഇനി കഴിയില്ലെന്ന ബോധ്യത്താലാണ് കളി നിർത്തുന്നതെന്ന് സ്വിസ് താരം വ്യക്തമാക്കിയിരുന്നു. മൂന്നുദിവസമാണ് ലേവർകപ്പ്. യൂറോപ്യൻ ടീമും ലോക ടീമും തമ്മിലാണ് മത്സരം. ആദ്യദിനമാണ് ഡബിൾസ്. ഇതിനുശേഷം ഫെഡററുടെ സ്ഥാനത്ത് ഇറ്റലിക്കാരൻ മറ്റിയോ ബെറെറ്റിനി കളിക്കും. ആറംഗ ടീമിൽ എല്ലാ കളിക്കാരും ഒരു സിംഗിൾസ് മത്സരമെങ്കിലും കളിക്കണം. നദാലിനൊപ്പം ഡബിൾസ് കളിക്കുന്നതിൽ സന്തുഷ്ടനാണ് ഫെഡറർ. ‘നദാലിനൊപ്പം ഡബിൾസ് കളിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും മനോഹര കാര്യമാണ്. കാരണം കളത്തിൽ എന്റെ വലിയ എതിരാളിയായിരുന്നു നദാൽ’ –ഫെഡറർ പറഞ്ഞു. ഏറെക്കാലമായി കളിക്കാത്തതിനാൽ വലിയ ആത്മവിശ്വാസത്തിലല്ലെന്നും സ്വിസ് താരം വ്യക്തമാക്കി. നൊവാക് ജൊകോവിച്ച്, ആൻഡി മറെ, കാസ്പെർ റൂഡ്, സ്റ്റെഫനോസ് സിറ്റ്സിപാസ് എന്നിവരാണ് യൂറോപ്യൻ ടീമിലെ മറ്റ് താരങ്ങൾ. ലോക ടീമിൽ ടെയ-്‌ലർ ഫ്രിറ്റ്സ്, ഫെലിക്സ് ഓഗർ അലിയസിമെ, ദ്യേഗോ ഷോർട്‌സ്‌മാൻ, അലെക്‌സ്‌ ഡി മിനൗർ, ഫ്രാൻസെസ്‌ തിയാഫോ, ജാക്‌ സോക്‌ എന്നിവരും അണിനിരക്കുന്നു.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യം രണ്ട് സിംഗിൾസ് മത്സരം. തുടർന്ന് ഡബിൾസും. Read on deshabhimani.com

Related News