ഖത്തർ ലോകകപ്പ്‌ : ആദ്യമെത്തി ജർമനി



സ്‌കൊപ്‌ഹെ (നോർത്ത് മാസിഡോണിയ) ഖത്തർ ലോകകപ്പ്‌ ഫുട്‌ബോളിന്‌ യോഗ്യത നേടുന്ന ആദ്യ ടീമായി ജർമനി. നോർത്ത്‌ മാസിഡോണിയയെ നാല്‌ ഗോളിന്‌ തകർത്താണ്‌ നാലുവട്ടം ലോകചാമ്പ്യൻമാരായ ജർമൻപട അടുത്തവർഷം അരങ്ങേറുന്ന ലോകകപ്പിന്‌ ടിക്കറ്റെടുത്തത്‌. യൂറോപ്യൻ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ്‌ ‘ജെ’യിൽനിന്നാണ്‌ ജർമനി മുന്നേറിയത്‌. എട്ട്‌ കളിയിൽ ഏഴിലും ജയിച്ച്‌ 21 പോയിന്റായി. റുമാനിയയാണ്‌ (13) രണ്ടാമത്‌. ആതിഥേയരെന്നനിലയിൽ ഖത്തർ ആദ്യമേ സ്ഥാനം ഉറപ്പിച്ചിരുന്നു. മാസിഡോണിയക്കെതിരെ ടിമോ വെർണർ ജർമനിക്കായി ഇരട്ടഗോൾ നേടി. കയ്‌ ഹവേർട്‌സും ജമാൽ മുസിയാളയും പട്ടിക തികച്ചു. പതിനെട്ടുകാരനായ ജമാലിന്റെ ആദ്യ ജർമൻ ഗോളാണിത്‌.  ശൂന്യമായ ആദ്യപകുതിക്കുശേഷമാണ്‌ ജർമൻ ഗോൾവർഷം. ആദ്യ രണ്ട്‌ ഗോളിനും വഴിയൊരുക്കിയത്‌ തോമസ്‌ മുള്ളറാണ്‌. ഹവേർട്‌സ്‌ ജർമനിയെ മുന്നിലെത്തിച്ചു.  70–-ാം മിനിറ്റിൽ വെർണർ ലീഡുയർത്തി. മുള്ളറുടെ ഉജ്വല ഫ്ലിക്കിൽനിന്നുമായിരുന്നു ചെൽസിക്കാരന്റെ ഗോൾ. മൂന്ന്‌ മിനിറ്റുകൾക്കിടെ രണ്ടാംഗോളും വെർണർ കുറിച്ചു. കഴിഞ്ഞവർഷംവരെ ഇംഗ്ലണ്ട്‌ യൂത്ത്‌ ടീമുകൾക്കായി കളിച്ച ജമാൽ ജർമനിക്കായുള്ള ഒമ്പതാം മത്സരത്തിലാണ്‌ കന്നിഗോൾ കുറിച്ചത്‌. ജർമൻവംശജയാണ്‌ ജമാലിന്റെ അമ്മ.  ഇത്‌ 20–-ാം വട്ടമാണ്‌ ജർമനി ലോകകപ്പിന്‌ എത്തുന്നത്‌. 21 തവണ കളിച്ച ബ്രസീലാണ്‌ ഏറ്റവും കൂടുതൽ ലോകകപ്പ്‌ കളിച്ച ടീം. Read on deshabhimani.com

Related News