ലോകകപ്പ് ഫുട്‌ബോളിന്റെ വിസ്‌മയച്ചെപ്പ്‌

ലോകകകപ്പ് ഫെെനലിന്റെ വേദിയായ ലുസെെൽ സ്റ്റേഡിയം videograbbed image


മനാമ ലോകകപ്പ് ഫുട്‌ബോളിന്റെ വിസ്‌മയച്ചെപ്പ് തുറക്കാനൊരുങ്ങുകയാണ്‌ ഖത്തർ. കാണാത്തകാഴ്ചകളുടെ അവിസ്‌മരണീയ അനുഭവമാകുമെന്നുറപ്പ്‌.  സ്‌റ്റേഡിയങ്ങൾ മാത്രമല്ല അനുബന്ധസൗകര്യങ്ങളും നിർമിതികളും 92 വർഷത്തെ ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചതാകും. ഫൈനൽ നടക്കുന്ന ലുസൈൽ ഒഴികെ എല്ലാ സ്‌റ്റേഡിയങ്ങളും തുറന്നു. ഇവിടെ ഇന്നലെ ഖത്തർ സ്‌റ്റാർസ്‌ ലീഗിലെ അൽ അറബിയും അൽ റയാനും തമ്മിലുള്ള മത്സരം അരങ്ങേറി. സെപ്‌തംബർ ഒമ്പതിനാണ്‌     ഔദ്യോഗിക ഉദ്‌ഘാടനം. 80,000 പേരെ ഉൾക്കൊള്ളുന്ന സ്‌റ്റേഡിയത്തിൽ സൗദി പ്രോ ലീഗ് ചാമ്പ്യൻമാരും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളും തമ്മിലുള്ള സൂപ്പർ കപ്പും തുടർന്ന് സംഗീതനിശയും നടക്കും. ലോകകപ്പിന് മുന്നോടിയായ ഖത്തറിന്റെ യാത്രയിലെ അവസാന നാഴികക്കല്ലാണ് ലുസൈൽ സ്‌റ്റേഡിയമെന്ന് സംഘാടകസമിതി സെക്രട്ടറി ജനറൽ ഹുസൈൻ അൽ തവാദി പറഞ്ഞു.  മധ്യ ദോഹയിൽനിന്ന് 15 കിലോമീറ്റർ വടക്കുള്ള ലുസൈൽ നഗരത്തിൽ അറേബ്യൻ വാസ്തു പാരമ്പര്യത്തിന്റെ വിസ്മയവും സൗന്ദര്യവും സമന്വയിച്ച നിർമിതിയാണ് ലുസൈൽ. നവീകരിച്ച റോഡുകൾ, ദോഹ മെട്രോ, ട്രാം എന്നിവയുമായി സ്‌റ്റേഡിയത്തെ ബന്ധിപ്പിച്ചിട്ടുണ്ട്.  സ്‌റ്റേഡിയങ്ങളുടെ നിർമാണം, അനുബന്ധ പശ്ചാത്തല വികസനം എന്നിവയ്‌ക്കായി നാലരലക്ഷം കോടിയിലേറെ രൂപ ഖത്തർ ഇതുവരെ ചെലവഴിച്ചു. ഇതിൽ ഏറ്റവും വലിയ നിക്ഷേപം നടത്തിയത് ലുസൈൽ നഗരത്തിൽ-–-300 ദശലക്ഷം ഡോളർ. ദോഹയുടെ തെക്കൻതീരത്ത് 38,000 ചതുരശ്ര കിലോമീറ്ററിൽ നിർമിച്ച ലുസൈൽ നഗരം ആഡംബരമെന്ന വിശേഷണത്തിന് അപ്പുറമാണ്‌. എട്ട്‌ സ്‌റ്റേഡിയങ്ങൾ, എട്ട്‌ അത്ഭുതങ്ങൾ എട്ടു സ്‌റ്റേഡിയങ്ങളാണ് മത്സരത്തിനൊരുക്കിയത്.ആറെണ്ണം പുതിയത്‌. രണ്ടെണ്ണം പുതുക്കി. എല്ലാം അത്യാധുനിക സൗകര്യങ്ങളുള്ളതും വാസ്‌തുവിദ്യയുടെ അനന്ത സാധ്യതകൾ ദൃശ്യമാക്കുന്നതുമാണ്‌. അൽ ബെയ്‌ത്ത്‌ സ്‌റ്റേഡിയം, അൽ ഖോർ –- ഉദ്ഘാടന മത്സരം, സെമി ഫൈനൽവരെ മത്സരങ്ങൾ. ശേഷി: 60,000 ഖലീഫ ഇന്റർനാഷണൽ സ്‌റ്റേഡിയം, ദോഹ (പുതുക്കിപ്പണിതു) –- ഗ്രൂപ്പ് മത്സരങ്ങൾ, 16–-ാംറൗണ്ട്, ലൂസേഴ്‌സ് ഫൈനൽ. ശേഷി: 40,000 അഹമ്മദ് ബിൻ അലി സ്‌റ്റേഡിയം, അൽ റയ്യാൻ (പുതുക്കിപ്പണിതു) –- ഗ്രൂപ്പ് മത്സരങ്ങൾ, റൗണ്ട് ഓഫ് 16 (11 മത്സരം). ശേഷി: 40,000 അൽ ജനൂബ് സ്‌റ്റേഡിയം, അൽ വക്ര –- ഗ്രൂപ്പ് മത്സരങ്ങളും റൗണ്ട് ഓഫ് 16 (ഏഴു മത്സരം). ശേഷി: 40,000 ഖത്തർ ഫൗണ്ടേഷൻ സ്റ്റേഡിയം, അൽ റയ്യാൻ –- ഗ്രൂപ്പ് മത്സരങ്ങൾ, റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ (മൊത്തം എട്ട്‌ മത്സരം). ശേഷി: 40,000 സ്‌റ്റേഡിയം 974, ദോഹ (റാസ് അബു അബൗദ് സ്റ്റേഡിയം) –- ഗ്രൂപ്പ് മത്സരങ്ങളും റൗണ്ട് ഓഫ് 16 (13 മത്സരം). ശേഷി: 40,000 ലുസൈൽ സ്റ്റേഡിയം, ലുസൈൽ –- ഫൈനൽ ഉൾപ്പെടെ 10 മത്സരം. ശേഷി: 80,000 അൽ തുമാമ സ്റ്റേഡിയം, ദോഹ –- ഗ്രൂപ്പ് മത്സരങ്ങൾ, റൗണ്ട് ഓഫ് 16, ക്വാർട്ടർ, സെമിഫൈനൽ (16 മത്സരം). ശേഷി: 40,000 Read on deshabhimani.com

Related News