അത്ഭുതവിളക്കായി സൗദി , വെളിച്ചംകെട്ട് അർജന്റീന ; ഖത്തർ ലോകകപ്പിൽ ഏഷ്യൻ വീര്യം

image credit FIFA WORLD CUP twitter


മരുഭൂമിയിലൊരു കൊടുങ്കാറ്റ്‌ വീശി. അതിന്റെ പേരാണ്‌ സൗദി അറേബ്യ. അതിൽ കടപുഴകിയത്‌ ലോക ഫുട്‌ബോളിലെ അതികായരായ അർജന്റീന. വിശ്വസിച്ചേ പറ്റൂ, ഏഷ്യൻ വീര്യവുമായെത്തിയ സൗദി അറേബ്യ ലയണൽ മെസി നയിച്ച അർജന്റീനയെ കീഴടക്കിയിരിക്കുന്നു–-ഒന്നിനെതിരെ രണ്ട്‌ ഗോളിന്‌. ഈ തോൽവി ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ പ്രയാണത്തെ അലോസരപ്പെടുത്തുമെന്നുറപ്പ്‌. സൗദിക്കാകട്ടെ ഫുട്‌ബോൾ ഉള്ളിടത്തോളംകാലം ഓർത്തുവച്ച്‌ ഓമനിക്കാനൊരു വിജയം. കഠിനവേദനയ്‌ക്കൊടുവിൽ, ഉയിർത്തെഴുന്നേൽപ്പിൽ വിശ്വസിച്ച്‌ അർജന്റീന മടങ്ങിയപ്പോൾ  വിജയാഹ്ലാദത്തിൽ സൗദി ലോകത്തെ നോക്കി, വരവറിയിച്ചതിന്റെ പകിട്ടോടെ. എൺപതിനായിരംപേർ നിറഞ്ഞ ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ 10 മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോളടിച്ച്‌ മെസി അർജന്റീനയെ മുന്നിലെത്തിച്ചതാണ്‌. എന്നാൽ, ഇടവേള കഴിഞ്ഞെത്തിയ അറബികളുടെ കൈയിലൊരു അത്ഭുതവിളക്കുണ്ടായിരുന്നു. അഞ്ച്‌ മിനിറ്റിനിടെ രണ്ടുതവണ അവരത്‌ കൊളുത്തിയപ്പോൾ അർജന്റീന നിഷ്‌പ്രഭമായി. ലോകമെമ്പാടുമുള്ള ആരാധകർ വിശ്വസിക്കാനാകാതെ തരിച്ചുപോയ നിമിഷം. സലേഹ്‌ അൽ ഷെഹ്‌രിയും സലേം അൽ ദോസരിയും ഗോളടിച്ച്‌ വീരനായകരായി. പക്ഷേ, കളിയിലെ സുൽത്താൻ മറ്റാരുമായിരുന്നില്ല. സൗദി ഗോൾകീപ്പർ മുഹമ്മദ്‌ അൽ ഒവൈസ്‌. അവസാന നിമിഷംവരെ മെസിയടക്കമുള്ള ലോകോത്തര ഗോളടിക്കാരെ ചെറുത്തുനിന്ന പോരാളി. ഇതോടെ 36 കളിയിൽ തോൽക്കാതെയുള്ള അർജന്റീനയുടെ മുന്നേറ്റത്തിന്‌ അവസാനമായി. ഇറ്റലിയുടെ പേരിലുള്ള 37 കളിയുടെ അപരാജിത റെക്കോഡാണ്‌ നഷ്‌ടമായത്‌. ഗ്രൂപ്പ്‌ സിയിൽ സൗദിക്ക്‌ മൂന്ന്‌ പോയിന്റായി. ഈ തോൽവി അർജന്റീനയുടെ പ്രയാണം ബുദ്ധിമുട്ടുള്ളതാക്കും. ഇനി നേരിടാനുള്ളത്‌ 26ന്‌ മെക്‌സിക്കോയെയും 30ന്‌ പോളണ്ടിനെയുമാണ്‌.   Read on deshabhimani.com

Related News