ഒടുവിൽ 
ഡച്ച്‌ വാഴ്‌ച ; സെനെഗലിനെ രണ്ട്‌ ഗോളിന്‌ കീഴടക്കി

image credit FIFA WORLD CUP twitter


ദോഹ എട്ടരവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഓറഞ്ചുപടയ്‌ക്ക്‌ വിജയമധുരം. പൊരുതിനിന്ന സെനെഗലിനെ രണ്ട്‌ ഗോളിന്‌ കീഴടക്കി ഗ്രൂപ്പ്‌ എയിൽ നെതർലൻഡ്‌സ്‌ ജയത്തോടെ തുടങ്ങി. ലക്ഷ്യത്തിലേക്കുള്ള ഒറ്റ ഷോട്ട്‌. അത്‌ മതിയായിരുന്നു നെതർലൻഡ്‌സിന്‌. സെനെഗൽ ആ ഗോളിൽ വീണു. മിനിറ്റുകൾക്കുള്ളിൽ മറ്റൊരു ഗോളും വഴങ്ങി ആഫ്രിക്കൻ ചാമ്പ്യൻമാർ കളി കൈവിട്ടു. നിശ്‌ചിതസമയം അവസാനിക്കാൻ ആറ്‌ മിനിറ്റ്‌ ശേഷിക്കെയായിരുന്നു ഡച്ചിന്റെ ആദ്യഗോൾ. കോഡി ഗാക്‌പോയുടെ ഹെഡർ സെനെഗൽ ഗോൾ കീപ്പർ എഡ്വാർഡ്‌ മെൻഡിയുടെ ഇടപെടലിന്‌ മുമ്പുതന്നെ വലകയറി. പകരക്കാരനായെത്തിയ ഡെവി ക്ലാസെൻ പരിക്കുസമയത്ത്‌ ജയമുറപ്പാക്കി. സ്‌കോർ പോലെയായിരുന്നില്ല കളി. ആദ്യപകുതിയിൽ ആക്രമണ, പ്രത്യാക്രമണങ്ങളായിരുന്നെങ്കിൽ കളിയുടെ രണ്ടാംഘട്ടം സെനെഗലിന്റെ കാലുകളിലായിരുന്നു. എന്നാൽ, ഒരു നീക്കങ്ങളും പൂർണതയിലെത്തിക്കാൻ അവർക്ക്‌ കഴിഞ്ഞില്ല. മറുവശത്ത്‌ ഡച്ചിന്റെ മുന്നേറ്റം മൂർച്ചയറ്റതായിരുന്നു.  എന്നാൽ, ഇരുടീമുകളുടെയും വ്യത്യാസം ഫ്രെങ്കി ഡി യോങ്‌ ആയിരുന്നു. പലപ്പോഴും കൈവിട്ടുപോകുന്ന കളിയെ ഈ ആസൂത്രകൻ കൃത്യതയാർന്ന പാസുകളും ക്രോസുകളുംകൊണ്ട്‌ തിരികെ പിടിക്കുകയായിരുന്നു. സാദിയോ മാനെയെന്ന നായകനില്ലാതെ കളത്തിലിറങ്ങിയ സെനെഗലിന്‌ ഇസ്‌മയ്‌ല സാറായായിരുന്നു എല്ലാം. പക്ഷേ, ഗോളിലേക്ക്‌ മാത്രം അവരുടെ നീക്കങ്ങൾ എത്തിയില്ല. ഡച്ച് ഗോൾ കീപ്പർ ആൻഡ്രിയാസ് നോപ്പെറിന്റെ പ്രകടനവും തടഞ്ഞു. ഡച്ച് കുപ്പായത്തിൽ അരങ്ങേറ്റമായിരുന്നു ഇരുപത്തെട്ടുകാരന്.   Read on deshabhimani.com

Related News