അനിശ്‌ചിതത്വം അവസാനിച്ചു ; ഇക്വഡോറിന്‌ കളിക്കാം



ദോഹ ഖത്തർ ലോകകപ്പിലെ ആദ്യ കളിസംബന്ധിച്ച അനിശ്‌ചിതത്വം അവസാനിച്ചു. നവംബർ 20ന്‌ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. ഇക്വഡോറിനെതിയായ പരാതി ഫിഫ അപ്പീൽ കമ്മിറ്റി തള്ളി. പ്രതിരോധക്കാരൻ ബൈറൻ കാസ്‌റ്റിലോക്കെതിരെ ചിലി, പെറു ഫുട്‌ബോൾ അസോസിയേഷനുകൾ നൽകിയ പരാതി അംഗീകരിച്ചില്ല. കാസ്‌റ്റിലോ  ജനിച്ചത്‌ ഇക്വഡോറിലല്ല കൊളംബിയയിലാണെന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച്‌ ഇക്വഡോർ നൽകിയ വിശദീകരണം ഫിഫ അംഗീകരിച്ചു. നാലുവർഷംമുമ്പ്‌ ഇക്വഡോർ ഫുട്‌ബോൾ ഫെഡറേഷൻ അന്വേഷണ കമീഷന്‌ കാസ്‌റ്റിലോ നൽകിയ അഭിമുഖം പുറത്തുവന്നതാണ്‌ വീണ്ടും വിവാദം ഉയർത്തിയത്‌. 1995ൽ കൊളംബിയയിലെ ടുമാകോയിലാണ്‌ ജനിച്ചതെന്ന്‌ അഭിമുഖത്തിലുണ്ട്‌. എന്നാൽ, 1998ൽ ഇക്വഡോറിൽ ജനിച്ചെന്ന ജനനസർട്ടിഫിക്കറ്റ്‌ അംഗീകരിക്കപ്പെട്ടു. 1995ലെ കൊളംബിയൻ ജനനസർട്ടിഫിക്കറ്റ്‌ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ ഇക്വഡോർ ഫുട്‌ബോൾ ഫെഡറേഷൻ വെട്ടിലായിരുന്നു.  കാസ്‌റ്റിലോ കൊളംബിയക്കാരനാണെന്ന്‌ ചിലി ഫുട്‌ബോൾ ഫെഡറേഷൻ നൽകിയ പരാതി ജൂണിൽ ഫിഫ തള്ളിയതാണ്‌. അതോടെ വിവാദം കെട്ടടങ്ങിയതായിരുന്നു. ചിലിയും പെറുവും ഇതിനെതിരെ അപ്പീൽ നൽകിയതോടെയാണ്‌ ഇക്വഡോർ വീണ്ടും ആശങ്കയിലായത്‌. പരാതി തള്ളിയ സാഹചര്യത്തിൽ പെറുവിനും ചിലിക്കും കായിക തർക്കപരിഹാര കോടതിയെ സമീപിക്കാം. മെക്‌സിക്കൻ ക്ലബ്ബായ ലിയോണിനായി കളിക്കുന്ന ഇരുപത്താറുകാരൻ എട്ട്‌ യോഗ്യതാമത്സരങ്ങളിലാണ്‌ ഇക്വഡോറിനായി കളിച്ചത്‌. തെക്കനമേരിക്കയിൽനിന്ന്‌ ബ്രസീൽ, അർജന്റീന, ഉറുഗ്വേ, ഇക്വഡോർ എന്നിവയാണ്‌ ലോകകപ്പിന്‌ യോഗ്യത നേടിയത്‌. Read on deshabhimani.com

Related News